കൊവിഡ്: ഗ്വാളിയറില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ശിക്ഷയായി ആശുപത്രികളില്‍ സന്നദ്ധസേവനം

പിഴയ്ക്ക് പുറമേയാണ് ഇവര്‍ ആശുപത്രികളിലും പോലിസ് ചെക്ക്‌പോസ്റ്റുകളിലും കുറഞ്ഞത് മൂന്നുദിവസമെങ്കിലും സന്നദ്ധസേവനം നടത്തേണ്ടിവരുന്നത്. മധ്യപ്രദേശില്‍ നടപ്പാക്കുന്ന 'കില്‍ കൊറോണ' ക്യാംപയിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് ജില്ലാ കലക്ടര്‍ കൗശലേന്ദ്ര വിക്രം സിങ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Update: 2020-07-06 11:58 GMT

ഭോപാല്‍: സര്‍ക്കാരിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ വേറിട്ട ശിക്ഷാനടപടിയുമായി മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലാ ഭരണകൂടം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരും സര്‍ക്കാര്‍ പുറത്തിറക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരും ആശുപത്രികളില്‍ സന്നദ്ധസേവനം നടത്തേണ്ടിവരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. പിഴയ്ക്ക് പുറമേയാണ് ഇവര്‍ ആശുപത്രികളിലും പോലിസ് ചെക്ക്‌പോസ്റ്റുകളിലും കുറഞ്ഞത് മൂന്നുദിവസമെങ്കിലും സന്നദ്ധസേവനം നടത്തേണ്ടിവരുന്നത്. മധ്യപ്രദേശില്‍ നടപ്പാക്കുന്ന 'കില്‍ കൊറോണ' ക്യാംപയിന്റെ ഭാഗമായി ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് ജില്ലാ കലക്ടര്‍ കൗശലേന്ദ്ര വിക്രം സിങ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായതായി കലക്ടര്‍ വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അവര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കാത്തവര്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ എന്നിവര്‍ക്ക് പിഴയ്ക്ക് പുറമേ ആശുപത്രി, കൊവിഡ് സെന്റര്‍, പോലിസ് എയ്ഡ്സ് പോസ്റ്റ് എന്നിവിടങ്ങളില്‍ മൂന്നുദിവസത്തെ സന്നദ്ധസേവനം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ഇന്ദോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമെത്തുന്നവരെ ജില്ലാ അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

ഗ്വാളിയറിലും മധ്യപ്രദേശിലുടനീളവും കൊവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ വീടുകള്‍ സന്ദര്‍ശിച്ചുള്ള 'കില്‍ കൊറോണ' ക്യാംപയിന് തുടക്കമിട്ടത്. മെഡിക്കല്‍ പ്രഫഷനലുകളുടെയും ഉദ്യോഗസ്ഥരുടെയും സംഘമാണ് 15 ദിവസം വീടുതോറും സര്‍വേ നടത്തി കൊവിഡ് രോഗികളെ കണ്ടെത്തി ക്വാറന്റൈനിലാക്കുന്നത്. തെര്‍മോമീറ്ററുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, പ്രൊട്ടക്റ്റീവ് ഗിയര്‍ എന്നിവയടക്കം സജ്ജമാക്കി മൊത്തം 11,458 സംഘങ്ങളെയാണ് സര്‍വേയ്ക്കായി മധ്യപ്രദേശില്‍ വിന്യസിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ ഇതുവരെ 15,000 ഓളം കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 608 മരണങ്ങളുമുണ്ടായി. ഗ്വാളിയര്‍ ജില്ലയില്‍ മാത്രം ഞായറാഴ്ച 64 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടെ മൊത്തം കേസുകളുടെ എണ്ണം 528 ആയി. 

Tags:    

Similar News