ഇന്ത്യ-ചൈന പത്താംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചു; അടുത്തഘട്ട സേനാ പിന്‍മാറ്റം മുഖ്യചര്‍ച്ചയായി

ഡെപ്‌സാങ്, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്നുള്ള അടുത്തഘട്ട സേനാപിന്‍മാറ്റമാണ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ വിഷയങ്ങളായത്. ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയിലെ മോള്‍ഡോയില്‍വച്ചാണ് ചര്‍ച്ച നടന്നത്. സേനാപിന്‍മാറ്റ പ്രക്രിയ തന്നെയാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Update: 2021-02-21 07:18 GMT

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന പത്താംവട്ട സൈനിക ചര്‍ച്ച അവസാനിച്ചു. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടുനിന്നു. ഇന്ന് പുലര്‍ച്ചെയാണ് ചര്‍ച്ച അവസാനിച്ചത്. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ ഇരുകരകളില്‍നിന്നും സേനാ പിന്‍മാറ്റം ഇരു രാജ്യങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ചര്‍ച്ച ആരംഭിച്ചത്. ഡെപ്‌സാങ്, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്നുള്ള അടുത്തഘട്ട സേനാപിന്‍മാറ്റമാണ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ വിഷയങ്ങളായത്. ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയിലെ മോള്‍ഡോയില്‍വച്ചാണ് ചര്‍ച്ച നടന്നത്. സേനാപിന്‍മാറ്റ പ്രക്രിയ തന്നെയാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടതില്‍ ഇന്ത്യ അതൃപ്തിയറിയിച്ചു. ഏകപക്ഷീയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അംഗീകരിക്കാനാവില്ലെന്ന് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ രാത്രിയാണ് ചൈന പുറത്തുവിട്ടത്. ഒരു നദിയുടെ കുറുകെ കടക്കുന്നതും പിന്നീട് സൈനികരെ തടയുന്നതും ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രതിരോധിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ഇന്ത്യ അതിര്‍ത്തി മുറിച്ചുകടന്നുവെന്ന തലവാചകത്തോട് കൂടിയാണ് ചൈനീസ് മാധ്യമം ഈ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതിനോട് പ്രതികരിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. സൈനിക പിന്‍മാറ്റ പ്രക്രിയ മുന്നോട്ടുകൊണ്ടുപോവുന്നതിലാണ് ചര്‍ച്ചയുടെ ഊന്നല്‍. അതിനുള്ള രീതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇരുപക്ഷവും കൂടിക്കാഴ്ച നടത്തി-വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ ലഡാക്ക് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി നയതന്ത്ര സൈനിക ചര്‍ച്ചകളിലാണ് ഇരുരാജ്യങ്ങളും. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഇരുസൈന്യങ്ങളും സംഘര്‍ഷത്തിലേര്‍പ്പെട്ടതിന് ശേഷം പ്രശ്‌നം രൂക്ഷമായി.

സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സൈനിക, നയതന്ത്ര തലത്തില്‍ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കുശേഷമാണ് ഇന്ത്യന്‍ സേനയുടെയും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും (പിഎല്‍എ) സൈനികരെ പിരിച്ചുവിട്ടതെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാആഴ്ച അറിയിച്ചു. സൈനിക, നയതന്ത്ര തലത്തില്‍ നിരവധി തവണ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ ധാരണയിലെത്തിയതെന്ന് എംഇഎ വക്താവ് അനുരാഗ് ശ്രീവാസ്തവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിരിച്ചുവിടലിനുശേഷമുള്ള അടുത്ത നടപടികള്‍ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസംഗത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

Tags:    

Similar News