ലോകത്തെ മികച്ച 300 യൂനിവേഴ്‌സിറ്റികള്‍; പട്ടികയില്‍ ഇടംപിടിക്കാനാവാതെ ഇന്ത്യ
2012നുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളില്‍ ഇതുവരെ മുന്‍പന്തിയിലായിരുന്ന ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് 50 സ്ഥാനം പിന്നിലേക്കുപോയി. ഇപ്പോള്‍ 301-350 റാങ്കുകള്‍ക്കിടെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ സ്ഥാനം.
ന്യൂഡല്‍ഹി: ലോകത്തെ മികച്ച 300 യൂനിവേഴ്‌സിറ്റികളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഒരു യൂനിവേഴ്‌സിറ്റിക്കുപോലും ഇടംപിടിക്കാനായില്ല. 2012നുശേഷം ആദ്യമായാണ് ഇന്ത്യയ്ക്ക് ഇത്തരത്തിലൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളില്‍ ഇതുവരെ മുന്‍പന്തിയിലായിരുന്ന ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് 50 സ്ഥാനം പിന്നിലേക്കുപോയി. ഇപ്പോള്‍ 301-350 റാങ്കുകള്‍ക്കിടെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ സ്ഥാനം. ഇതിനു തൊട്ടുപിന്നിലുണ്ടായിരുന്ന ഐഐടി റോപര്‍, ഐഐടി ഇന്‍ഡോര്‍ എന്നീ സ്ഥാപനങ്ങള്‍ ഏറെ പിന്നിലേക്കുപോയി. മുംബൈ, ഡല്‍ഹി, ഖരഗ്പൂര്‍ ഐഐടികള്‍ 400നും 500 നുമിടയിലെ റാങ്കുകളിലാണ്.
ബ്രിട്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യൂക്കേഷനാണു പട്ടിക തയ്യാറാക്കിയത്. 2019 ലെ റാങ്കിങ്ങില്‍ ആദ്യ 500 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള അഞ്ച് യൂനിവേഴ്‌സിറ്റികളാണ് ഇടംപിടിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് ആറായി ഉയര്‍ന്നു. 2018 ല്‍ ഇന്ത്യയില്‍നിന്ന് റാങ്കിങ്ങിനായി 49 സര്‍വകലാശാലകളാണ് പങ്കെടുത്തിരുന്നതെങ്കില്‍ ഈവര്‍ഷം അത് 56 ആയി വര്‍ധിച്ചു. 92 രാജ്യങ്ങളില്‍നിന്നുള്ള 1,300 സര്‍വകലാശാലകളുടെ പട്ടികയില്‍ 56 സ്ഥാപനങ്ങളുള്ള ഇന്ത്യയാണ് റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ രാജ്യം. ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 20 യൂനിവേഴ്‌സിറ്റികളെ പ്രത്യേകം തിരഞ്ഞെടുപ്പ് പരിഗണന നല്‍കി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതു ഫലംകണ്ടില്ലെന്നു മാത്രമല്ല, തിരിച്ചടിച്ചെന്നു കൂടിയാണു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
റാങ്കിങ്ങില്‍ ആദ്യ 300 സ്ഥാനങ്ങളില്‍നിന്ന് ഇന്ത്യ പിന്നിലാവുന്നത് നിരാശാജനകമാണെന്ന് റാങ്കിങ് എഡിറ്റര്‍ ഏലി ബോത്ത്‌വെല്‍ അഭിപ്രായപ്പെട്ടു. അതിവേഗം വളരുന്ന യുവജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും ഇംഗ്ലീഷ് ഭാഷാപ്രബോധനത്തിന്റെ ഉപയോഗവും കണക്കിലെടുക്കുമ്പോള്‍ ആഗോള ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ത്യയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. വളരെ കുറച്ച് സ്ഥാപനങ്ങള്‍ മാത്രമാണ് റാങ്കിങ്ങില്‍ പുരോഗതി രേഖപ്പെടുത്തിയത്. മികച്ച സര്‍വകലാശാലകളുടെ ആഗോളനിലവാരം ഉയര്‍ത്താനും വിദേശവിദ്യാര്‍ഥികളെയും അക്കാദമിക വിദഗ്ധരെയും വാര്‍ത്തെടുക്കാനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും ഏലി ബോത്ത്‌വെല്‍ കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയാണു റാങ്കിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നത്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി, സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റി, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയും ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. യുഎസ്സില്‍നിന്ന് മികച്ച 200 സര്‍വകലാശാലകളില്‍ 60 എണ്ണമാണ് ഇടംപിടിച്ചത്ു. ഇതില്‍ 10 എണ്ണം കാലിഫോര്‍ണിയയില്‍നിന്ന് മാത്രമാണ്. യുഎസ് സ്ഥാപനങ്ങളും ശരാശരി റാങ്കിങ്ങില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയതായും പട്ടിക വ്യക്തമാക്കുന്നു.