ഇന്‍ഡോറില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളി; നില ഗുരുതരം

ബലാല്‍സംഗം ചെയ്ത കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടിയെ പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചാക്കില്‍ക്കെട്ടി ഭഗീരത്പൂരിലെ റെയില്‍വേ ട്രാക്കില്‍ തള്ളുകയുമായിരുന്നു.

Update: 2021-01-21 05:04 GMT

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം റെയില്‍വേ ട്രാക്കില്‍ തള്ളി. ശരീരത്തില്‍ രണ്ടുകുത്തുകളേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 14 വയസുകാരിലെ ബലാല്‍സംഗം ചെയ്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ മറ്റൊരു ക്രൂരകൃത്യംകൂടി റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്‍ഡോറില്‍ 19കാരിയായ കോളജ് വിദ്യാര്‍ഥിനിയെ മുന്‍ കാമുകന്‍ നന്ദ ഗ്രാമിലെ ഒരു ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് കൂട്ടുകാര്‍ക്കൊപ്പം ബലാല്‍സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ബലാല്‍സംഗം ചെയ്ത കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടിയെ പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചാക്കില്‍ക്കെട്ടി ഭഗീരത്പൂരിലെ റെയില്‍വേ ട്രാക്കില്‍ തള്ളുകയുമായിരുന്നു. എന്നാല്‍, പെണ്‍കുട്ടി ചാക്കില്‍നിന്ന് അത്ഭുതകരമായി പുറത്തുകടന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പെണ്‍കുട്ടിക്ക് രണ്ട് കുത്തുകളേറ്റ പരിക്കുമായി ഇന്‍ഡോറിലെ ആശുപത്രിയില്‍നിന്ന് പോലിസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് കൂട്ടബലാല്‍സംഗം പുറത്തറിയുന്നത്. പട്‌നിപുരയിലെ തന്റെ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞതെന്ന് സീനിയര്‍ പോലിസ് ഓഫിസര്‍ ശശികാന്ത് കങ്കണെ പറഞ്ഞു.

മുഖ്യപ്രതിയും സുഹൃത്തും മോട്ടോര്‍ സൈക്കിളിലാണ് വന്നത്. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ഉമരിയയില്‍നിന്ന് 13 വയസുകാരിയെ മധ്യപ്രദേശില്‍ ഒമ്പതുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തത്. ജനുവരി ഒമ്പതിന് സിദി ജില്ലയിലെ തന്റെ കുടിലിനുള്ളില്‍ 48 കാരിയായ സ്ത്രീയെ നാലുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത സംഭവവും റിപോര്‍ട്ട് ചെയ്യപ്പെട്ടു. രണ്ട് കുട്ടികളുള്ള യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുവടി കയറ്റിയതായും പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കേസില്‍ അഞ്ചുപ്രതികളെയും പോലിസ് അറസ്റ്റുചെയ്തിരുന്നു.

Tags:    

Similar News