12 വര്‍ഷം മുമ്പ് ബംഗളൂരു ക്രിസ്ത്യന്‍ പള്ളിയില്‍ ബലാല്‍സംഗത്തിനിരയായി; വെളിപ്പെടുത്തലുമായി പെണ്‍കുട്ടി, എട്ടുപേര്‍ക്കെതിരേ കേസ്
ബംഗളൂരു: 12 വര്‍ഷം മുമ്പ് ബംഗളൂരുവിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വച്ച് ബലാല്‍സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക പോലിസില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് എട്ടുപേര്‍ക്കെതിരേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എട്ട് പ്രതികളില്‍ ആറ് പേര്‍ക്കെതിരേ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തതെന്ന് പോലിസ് പറഞ്ഞു. ബംഗളൂരുവിലെ വിദ്യാരണ്യപുര പ്രദേശത്തെ ദൊഡ്ഡബെട്ടഹള്ളിക്ക് സമീപമുള്ള കാവേരി ലേ ഔട്ടിലെ ക്രിസ്ത്യന്‍ പള്ളിയില്‍ 2010ലാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടിക്ക് ആറ് വയസ്സുള്ളപ്പോഴാണ് പീഡനം തുടങ്ങുന്നത്. കുട്ടിയെ മാതാപിതാക്കള്‍ പള്ളിയിലാക്കിയശേഷമാണ് ജോലിക്ക് പോയിരുന്നത്. എല്ലാ ദിവസവും ഇതായിരുന്നു പതിവ്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് കുട്ടിയെ തിരികെ കൊണ്ടുപോയിരുന്നത്. പള്ളിയിലെ സാഹചര്യം മുതലെടുത്ത് പ്രതിയായ സൈമണ്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. അശ്ലീലചിത്രങ്ങള്‍ കാണിക്കുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. 14 വയസ് തികയുന്നതുവരെ സൈമണ്‍ പീറ്റര്‍ പീഡനം തുടര്‍ന്നു.
ലൈംഗികാതിക്രമം സഹിക്കവയ്യാതെ പെണ്‍കുട്ടി ഇക്കാര്യം പള്ളിയില്‍ താമസിച്ചിരുന്ന സാമുവല്‍ ഡിസൂസയെ അറിയിച്ചു. ദമ്പതികള്‍ സൈമണ്‍ ശാസിക്കുകയും പെണ്‍കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍, വിവരങ്ങള്‍ പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സാമുവല്‍ ഡിസൂസ പിന്നീട് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഭാര്യയ്ക്ക് സംശയമുണ്ടാവാത്ത വിധം രണ്ടുവര്‍ഷത്തോളം ഇയാളും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു.
തുടര്‍ച്ചയായ ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് വിഷാദത്തിലായ പെണ്‍കുട്ടി കൗണ്‍സിലിങ്ങിനും ചികില്‍സയ്ക്കുമൊടുവിലാണ് പോലിസില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം നടന്ന വിവരം അറിഞ്ഞതിന് ശേഷവും ആറ് പ്രതികളും ഇക്കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായി പോലിസ് പറഞ്ഞു. പോക്‌സോ, കൂട്ടബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലിസ് വ്യക്തമാക്കി.