ഷോപിയാനില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

Update: 2021-07-19 02:11 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. കമാന്‍ഡര്‍ ഇഷ്ഫാക്ക് ദാര്‍ എന്ന അബു അക്രമാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഐജിപി) വിജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 2017 മുതല്‍ ഇദ്ദേഹം കശ്മീര്‍ താഴ്‌വരയില്‍ സജീവമായുണ്ടായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ടെന്നും നിലവില്‍ തിരച്ചില്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലിസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് പോലിസ് ട്വീറ്റില്‍ പറഞ്ഞു. ഷോപിയാനിലെ സാദിഖ് ഖാന്‍ പ്രദേശത്ത് ഞായറാഴ്ചയാണ് സുരക്ഷാ സേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ജൂണില്‍ ശ്രീനഗറില്‍ നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലും ഉള്‍പ്പെട്ടവരായിരുന്നു ഇവരെന്ന് പോലിസ് പറയുന്നു. ശ്രീനഗറില്‍ ഈ വര്‍ഷം മൂന്ന് ഏറ്റുമുട്ടലുകളുണ്ടായെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

ഒരു ഏറ്റുമുട്ടലില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ ഒരു മൊബൈല്‍ ഷോപ്പ് ഉടമയെ ആക്രമിക്കുകയും ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ മൂന്ന് സംഭവങ്ങളിലും ഈ രണ്ടുപേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഈ വിവരം സ്ഥിരീകരിച്ചപ്പോള്‍ സിആര്‍പിഎഫ് ഓപറേഷന്‍ ആരംഭിച്ചു. കീഴടങ്ങാന്‍ അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 78 സായുധരാണ് താഴ്‌വരയില്‍ കൊല്ലപ്പെട്ടതെന്ന് ഐജി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News