കൊവിഡ് കേസുകള്‍ കൂടുന്നു; കശ്മീരില്‍ മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു
ശ്രീനഗര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരവിട്ടു. മെയ് 15 വരെയാണ് കോളജുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് അടച്ചത്. കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം.
അനേകം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം മുന്‍കരുതല്‍ നടപടിയായി എല്ലാ സര്‍ക്കാര്‍, സ്വകാര്യസ്‌കൂളുകളും ഈ മാസം ആദ്യം അടച്ചിരുന്നു, അതേസമയം, ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യൂക്കേഷന്‍ (ജെകെബോസ്) 10, 11, 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം, ലബോറട്ടറി, ഗവേഷണം, തീസിസ് വര്‍ക്ക്, ഇന്റേണ്‍ഷിപ്പ് എന്നിവ അതേപടി തുടരും.
കോളജുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമുണ്ടാവുക. പൊതുചടങ്ങുകള്‍ക്കും ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി കടകള്‍ തുടക്കുന്ന സമയം സ്വയം നിശ്ചയിക്കണമെന്നും മാര്‍ക്കറ്റ് അസോസിയേഷനുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആളുകള്‍ കൂട്ടംകൂടുന്നതിനും ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ 1,526 പുതിയ വൈറസ് കേസുകള്‍ രേഖപ്പെടുത്തിയ സമയത്താണ് ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇതോടെ ജമ്മു കശ്മീരില്‍ രോഗബാധിതരുടെ എണ്ണം 1,46,692 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ കൂടി പ്രദേശത്ത് രേഖപ്പടുത്തി. ആകെ മരണസംഖ്യ 2,057 ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ള ആളുകളുടെ എണ്ണം 20 ആയിരിക്കും. ഇന്‍ഡോര്‍ വേദികളിലെ എല്ലാത്തരം ഒത്തുചേരലുകള്‍ക്കും 50 ഉം ഔട്ട്‌ഡോര്‍ വേദികളില്‍ ഒത്തുചേരലുകള്‍ക്കും 100 പേരെയും പങ്കെടുപ്പിക്കാമെന്ന് സിങ് പറഞ്ഞു.
ബസ്സുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും സീറ്റിങ് കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തുകയും നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും- ഉത്തരവില്‍ പറയുന്നു.