ബിഹാറില്‍ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് വെടിവയ്പ്പ് നടന്നത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

Update: 2020-10-24 17:23 GMT

പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പിലെ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ്‍ സിങ് വെടിയേറ്റ് മരിച്ചു. ഷിയോഹര്‍ ജില്ലയിലെ ഹാത്‌സര്‍ ഗ്രാമത്തില്‍ ഇന്നാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് വെടിവയ്പ്പ് നടന്നത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ശ്രീനാരായണ്‍ സിങ്ങിന്റെ ഏതാനും അനുയായികള്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ ആറുപേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും പൂര്‍ണാഹിയ സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ രാകേഷ് കുമാര്‍ പറഞ്ഞു.

വെടിവച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് രണ്ടുപേര്‍ പിടിയിലായത്. ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍.

Tags:    

Similar News