ജാര്‍ഖണ്ഡ് എക്‌സൈസ് റിക്രൂട്ട്‌മെന്റ്; ശാരീരിക ക്ഷമതാ മത്സരത്തിനിടെ മരിച്ച ഉദ്യോഗാര്‍ഥികളുടെ എണ്ണം 12 ആയി
റാഞ്ചി: ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നടന്ന റിക്രൂട്ട്‌മെന്റിനായുള്ള ശാരീരിക ക്ഷമതാ മത്സരത്തിനിടെ മരിച്ച ഉദ്യോഗാര്‍ഥികളുടെ എണ്ണം 12 ആയി. ഇന്നലെ ഒരു ഉദ്യോഗാര്‍ഥി കൂടി മരിച്ചു. ശാരീരിക ക്ഷമതാ മത്സരത്തിനിടെ ശാരീരിക ക്ഷമതാ വിലയിരുത്തുന്ന 10 കിലോമീറ്റര്‍ ഓട്ടത്തിന്റെ അവസാന ലാപ്പിലാണ് ഇന്നലെ മറ്റൊരു ഉദ്യോഗാര്‍ഥി കൂടി മരിച്ചത്. ഇതോടെ സെപ്റ്റം ബര്‍ 4 വരെ നടക്കേണ്ടിയിരുന്ന ശാരീരിക ക്ഷമതാ മത്സരങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സിലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ ഉത്തേജകമരുന്ന് കഴിച്ചിരുന്നതായാണ് നിഗമനം. പ്രകടനശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ഇവര്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചിരുന്നതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിക്കവാറും ഉദ്യോഗാര്‍ഥികള്‍ക്കും താഴ്ന്ന രക്തസമ്മര്‍ദം രേഖപ്പെടുത്തിയിരുന്നതായും ഡാല്‍ടോന്‍ഗഞ്ചിലെ മെദിന്രായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ പലരുടെയും അവയവങ്ങള്‍ തകരാറിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ മുന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ച ശാരീരിക ക്ഷമതാ പരിശോധനയ്ക്കുള്ള റിക്രൂട്ട്മെന്റ് നിയമങ്ങള്‍ ഉടനടി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉത്തരവിട്ടു. ഒരു മണിക്കൂറിനുള്ളില്‍ 10 കിലോമീറ്റര്‍ ഓട്ടം എന്ന ലക്ഷ്യം കുറയ്ക്കുന്നതിനെക്കുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്. തുടര്‍ നടപടികള്‍ക്കായി മരിച്ച ഉദ്യോഗാര്‍ഥികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഡിജിപി അനുരാഗ് ഗുപ്ത പറഞ്ഞു.