ലഷ്‌കര്‍, ഹിസ്ബുല്‍ പ്രവര്‍ത്തകരില്‍നിന്ന് പിടിയിലായ ഡിവൈഎസ്പി 12 ലക്ഷം കൈപ്പറ്റിയെന്ന് പോലിസ്

ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായാണ് ഇയാള്‍ ലഷ്‌കര്‍, ഹിസ്ബുല്‍ പ്രവര്‍ത്തകരില്‍നിന്ന് പണം വാങ്ങിയതെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍നിന്ന് വ്യക്തമായതായി ജമ്മു കശ്മീര്‍ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു.

Update: 2020-01-13 15:39 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരില്‍നിന്ന് പിടിയിലായ ഡിവൈഎസ്പി ദേവീന്ദര്‍ സിങ് 12 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പോലിസ്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായാണ് ഇയാള്‍ ലഷ്‌കര്‍, ഹിസ്ബുല്‍ പ്രവര്‍ത്തകരില്‍നിന്ന് പണം വാങ്ങിയതെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍നിന്ന് വ്യക്തമായതായി ജമ്മു കശ്മീര്‍ പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ചയാണ് തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുള്ള മിര്‍ ബാസാറിലെ പോലിസ് ബാരിക്കേഡില്‍വച്ച് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവര്‍ക്കൊപ്പം ദേവേന്ദ്ര സിങ്ങിനെ കസ്റ്റഡിയിലെടുത്തത്. ലഷ്‌കര്‍, ഹിസ്ബുല്‍ പ്രവര്‍ത്തകരെ കീഴടങ്ങാനെത്തിക്കുന്നതിനിടയിലാണ് തന്നെ പോലിസ് പിടികൂടിയതെന്നാണ് ഡിവൈഎസ്പി അവകാശപ്പെടുന്നത്.

എന്നാല്‍, ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനെക്കുറിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ലെന്നും പോലിസ് പറയുന്നു. മാത്രമല്ല, പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്യുന്നു. ദേശീയപാതയില്‍ വാഹനത്തില്‍ ഒരുമിച്ച് യാത്രചെയ്യുമ്പോഴാണ് ഇവര്‍ പോലിസ് പിടിയിലായത്. വാഹനമോടിച്ചിരുന്നത് ദേവീന്ദര്‍ സിങ്ങായിരുന്നു. ഡിവൈഎസ്പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നാണ് അന്വേഷണസംഘം പറയുന്നത്. താഴ്‌വരയില്‍ സൈനികനടപടി കര്‍ക്കശമാക്കിയപ്പോള്‍ ലഷ്‌കര്‍, ഹിസ്ബുല്‍ പ്രവര്‍ത്തകര്‍ക്ക് ജമ്മുവിലേക്ക് സുരക്ഷിതമായി പോവുന്നതിനും അഭയം നല്‍കുന്നതിനും സിങ്ങിന് പണം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായി.

അഞ്ചുതവണയെങ്കിലും ഇത്തരത്തില്‍ ഇവര്‍ക്ക് സിങ് അഭയം നല്‍കിയിരുന്നുവെന്ന് പോലിസ് പറയുന്നു. സിങ്ങിന്റെ വസതിയില്‍ താമസിച്ചശേഷമാണ് ലഷ്‌കര്‍ പ്രവര്‍ത്തകര്‍ ജമ്മു കശ്മീരിലേക്ക് കാറില്‍ യാത്രപോവുന്നത്. മുന്‍ അഭിഭാഷകനായ ഇര്‍ഫാന്‍ ഷാഫി മിര്‍ അഞ്ചുതവണ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് എന്തെങ്കിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നോ എന്നും അതെക്കുറിച്ച് സിങ്ങിന് അറിയാമായിരുന്നോ എന്നും അന്വേഷണം തുടരുകയാണ്. അദ്ദേഹം ചെയ്തത് തികച്ചും നിയമവിരുദ്ധമാണെന്നും അതിനാലാണ് അദ്ദേഹത്തെ ഇപ്പോള്‍ ഒരു 'ഭീകരനെ'പ്പോലെ കണക്കാക്കി അന്വേഷണം നടത്തുന്നതെന്നും പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി സിഎന്‍എന്‍ ന്യൂസ് 18 റിപോര്‍ട്ട് ചെയ്യുന്നു. 

Tags:    

Similar News