സയിദ് അലി ഷാ ഗിലാനി, യാസീന്‍ മാലിക് അടക്കം നിരവധിപേരുടെ സുരക്ഷ കശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
ശ്രീനഗര്‍: 18 കശ്മീരി നേതാക്കളടക്കം നൂറുകണക്കിനാളുകളുടെ സുരക്ഷ പിന്‍വലിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. ചീഫ് സെക്രട്ടറി സുബ്രമണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഹുറിയത്ത് നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഹുരിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷാബിര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുല്‍ ഗനി ഭട്ട് എന്നിവരുടെ സുരക്ഷ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതോടനുബന്ധിച്ചാണു ഇപ്പോള്‍ 155 ആളുകളുടെ സുരക്ഷ കൂടി സര്‍ക്കാര്‍ പിന്‍വലിച്ചത്. പുല്‍വാമയില്‍ സൈനികര്‍ക്കെതിരേ ആക്രമണമുണ്ടായപ്പോള്‍, കശ്മീര്‍ നേതാക്കളുടെ സുരക്ഷയില്‍ പുനപ്പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. സയിദ് അലി ഷാ ഗിലാനി, അഗാ സയിദ് മോസ്‌വി, മുഹമ്മദ് അബ്ബാസ് അന്‍സാരി, യാസീന്‍ മാലിക്, സലീം ഗിലാനി, ഷാഹിദുല്‍ ഇസ്‌ലാം, സഫര്‍ അക്ബര്‍ ബാത്ത് നയിം അഹമ്മദ് ഖാന്‍, മുക്താര്‍ അഹമ്മദ് വാസ, ഫറുഖ് അഹമ്മദ് കിച്ച്‌ലു, മസറൂര്‍ അബ്ബാസ് അന്‍സാരി, അഗ സയീദ് അബ്ദുല്‍ ഹുസൈന്‍, അബ്ദുല്‍ ഗാനി ഷാ, മുഹദ് മുഷ്താഖ് ഭട്ട് തുടങ്ങിയവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.