കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മഹാരാഷ്ട്ര മുന്‍ മന്ത്രി അനില്‍ ദേശ്മുഖിനെതിരായ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലംമാറ്റി. ജഡ്ജി എച്ച് എസ് സത്ഭായിയെ ബോംബൈ ഹൈക്കോടതിയാണ് സ്ഥലം മാറ്റിയത്. അനില്‍ ദേശ്മുഖിനെ റിമാന്റ് ചെയ്യുന്നതിനുള്ള ഇഡിയുടെ അപേക്ഷകള്‍ പരിഗണിക്കുന്ന പ്രത്യേക ജഡ്ജിയാണ് എച്ച് എസ് സത്ഭായി. മഹാരാഷ്ട്രയില്‍നിന്ന് 685 കിലോമീറ്റര്‍ ദൂരെയുള്ള കിഴക്കന്‍ മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലേക്കാണ് സ്ഥലം മാറ്റം. നവംബര്‍ ഒന്നിനാണ് അനില്‍ ദേശ്മുഖിനെ ഇഡി അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളും എച്ച് എസ് സത്ഭായിയാണ് പരിഗണിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ മുംബൈ സെഷന്‍സ് കോടതിയില്‍ ഇവര്‍ക്കെതിരായ കേസുകളില്‍ വാദം കേട്ടിരുന്നത് സത്ഭായിയായിരുന്നു. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, എച്ച് എസ് സത്ഭായി, സിറ്റി സിവില്‍ കോടതി ജഡ്ജി, മുംബൈ അഡീഷനല്‍ സെഷന്‍സ് ജഡ്ജി എന്നിവരെ സ്ഥലം മാറ്റിയതായി ബോംബെ ഹൈക്കോടതി അറിയിച്ചു.
ബോംബെ കോടതി വിധി ഉടന്‍ പ്രാബല്യത്തില്‍ വരും. ദേശ്മുഖിന്റെ കേസിന് പുറമേ, മഹാരാഷ്ട്രസദന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബലിനെതിരായ കേസും സത്ഭായി പരിഗണിച്ചിരുന്നു. പിന്നീട് ഒഴിവാക്കുകയും കേസില്‍ ഭുജ്ബലിനെയും മറ്റുള്ളവരെയും വെറുതെവിടുകയും ചെയ്യുകയായിരുന്നു. സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ശിവസേന എംപി ആനന്ദ് അദ്‌സുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും, എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെ ഉള്‍പ്പെട്ട പൂനെ ഭൂമി ഇടപാട് കേസിലും സത്ഭായിയാണ് വാദം കേട്ടത്.