ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ബിജെപി നേതാക്കളെ പരിഹസിച്ചും വെല്ലുവിളിച്ചും മുഖ്യമന്ത്രി കമല്‍നാഥ്. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി തയ്യാറാവണം. അതല്ലെങ്കില്‍ ബിജെപി നേതാക്കളുടെ തെറ്റായ അവകാശ വാദങ്ങള്‍ പിന്‍വലിക്കണമെന്നും കമല്‍നാഥ് പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിനെ എപ്പോള്‍ വേണമെങ്കിലും അട്ടിമറിക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കമല്‍നാഥിന്റെ പ്രസ്താവന.
തന്റെ സര്‍ക്കാരിനോട് ബിജെപി നേതാക്കള്‍ കരുണ കാണിക്കേണ്ടതില്ല. ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍, തന്റെ സര്‍ക്കാരിനെ അട്ടിമറിക്കണം. അല്ലാതെ കള്ളപ്രചരണം നടത്തുകയല്ല വേണ്ടത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് മധ്യപ്രദേശിലേത്- കമല്‍നാഥ് പറഞ്ഞു.