യോഗി സര്‍ക്കാര്‍ തന്നെ നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കൊല്ലപ്പെട്ട ഹിന്ദുത്വ നേതാവിന്റെ ഭാര്യ
ലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ പണം നല്‍കി നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയുടെ ഭാര്യ കിരണ്‍ തിവാരി.ഈയാഴ്ച ആദ്യം സര്‍ക്കാര്‍ കമലേഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പണം നല്‍കി എന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും-കിരണ്‍ തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തില്‍ കിരണ്‍ തിവാരി നിരാശ പ്രകടിപ്പിച്ചു. 15 ലക്ഷം രൂപയ്ക്ക് പുറമേ സിതാപൂര്‍ ജില്ലയിലെ മഹ്്മൂദാബാദില്‍ ഒരു വീടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
ബിജെപിയുടെ ഏതെങ്കിലും നേതാക്കള്‍ എപ്പോഴെങ്കിലും ഭീകരാക്രമണത്തിന് ഇരയായിട്ടുണ്ടെങ്കില്‍ 15 ലക്ഷത്തിന്റെ കൂടെ മറ്റൊരു 15 ലക്ഷം കൂടി കൂട്ടി താന്‍ നല്‍കുമെന്ന് കിരണ്‍ തിവാരി പരിഹസിച്ചു.
കമലേഷിന് ആവശ്യത്തിനു സുരക്ഷ നല്‍കിയില്ലെന്നും പോലിസിന്റെ അനാസ്ഥയാണ് മരണത്തിലേക്കു നയിച്ചതെന്നും അവര്‍ പറഞ്ഞു. പോലിസ് നടപടിയില്‍ ഞങ്ങള്‍ക്കു സംശയമുണ്ട്. കൊലപാതകികളെ എത്രയും വേഗം വധശിക്ഷയ്ക്കു വിധിക്കണമെന്നു സര്‍ക്കാരിനോടു ഞാന്‍ ആവശ്യപ്പെടുന്നു-അവര്‍ പറഞ്ഞു. കമലേഷ് തിവാരിയുടെ പ്രതിമ യുപി തലസ്ഥാനമായ ലഖ്‌നോയില്‍ സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞുവെന്നും കമലേഷ് കൊല്ലപ്പെട്ടതിനു ശേഷം യോഗി ആദിത്യനാഥ് തന്റെ വീട് സന്ദര്‍ശിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കമലേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹിന്ദു സമാജ് പാര്‍ട്ടിയുടെ പുതിയ നേതാവായി കിരണ്‍ തിവാരിയെ തിരഞ്ഞെടുത്തിരുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന കമലേഷിന്റെ ലക്ഷ്യത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അവര്‍ പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 18നായിരുന്നു കമലേഷ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായത്.