ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിയുടെ കൊലയ്ക്ക് പിന്നില്‍ ബിജെപി നേതാവെന്ന് അമ്മ; പോലിസ് മറ്റൊരു വഴിയേ
മഹ്മൂദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിവ്കുമാര്‍ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഈ കൊലപാതകത്തിന് പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പാണെന്നും, കമലേഷ് തിവാരിയുടെ അമ്മ ആരോപിച്ചതായി ന്യൂസ്18 ചാനല്‍ റിപോര്‍ട്ട് ചെയ്തു.
ലഖ്‌നോ: വ്യാഴാഴ്ച കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ മുന്‍ നേതാവ് കമലേഷ് തിവാരിയുടെ മരണത്തില്‍ ലഖ്‌നോവിലെ ബിജെപി നേതാവിന് പങ്കുണ്ടെന്ന ആരോപണവുമായി അമ്മ രംഗത്ത്. മഹ്മൂദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിവ്കുമാര്‍ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഈ കൊലപാതകത്തിന് പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പാണെന്നും, കമലേഷ് തിവാരിയുടെ അമ്മ ആരോപിച്ചതായി ന്യൂസ്18 ചാനല്‍ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, പോലിസ് അന്വേഷണം മറ്റൊരു വഴിയിലാണ് നീങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് പടിഞ്ഞാറന്‍ യുപിയിലെ ബിജ്‌നോര്‍ ജില്ലയില്‍ നിന്നുള്ള മുസ്‌ലിം പണ്ഡിതന്മാരായ മുഹമ്മദ് മുഫ്തി നയീം, അന്‍വാറുല്‍ ഹഖ് എന്നിവരെയും ഗുജറാത്തില്‍ നിന്ന് മൗലാന മുഹ്‌സിന്‍ ശെയ്ഖ്(24), റഷീദ് അഹ്മദ് പത്താന്‍(23), ഫൈസാന്‍(21) എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തു. കമലേഷ് തിവാരിയുടെ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രവാചകനെതിരെ മോശം പരാമര്‍ശങ്ങളുള്ള പ്രസംഗം നടത്തിയതിന് കമലേഷ് തിവാരിയുടെ തലയ്ക്ക് ബിജ്‌നോര്‍ സ്വദേശികളായ രണ്ട് മൗലാനമാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഇതനുസരിച്ചാണ് മുഹമ്മദ് മുഫ്തി നയീം, അന്‍വാറുല്‍ ഹഖ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്ത്.
ഇതിനിടെയാണ് പുതിയ ആരോപണവുമായി തിവാരിയുടെ അമ്മ രംഗത്തെത്തുന്നത്. വെള്ളിയാഴ്ച രാത്രിയോടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ ശേഷം ജാഥയായി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് കമലേഷ് തിവാരിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ലഖ്‌നോവിലെ സീതാപൂര്‍ ജില്ലയിലെ മഹ്മൂദാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട കമലേഷ് തിവാരി.
കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊഴിയെടുത്തപ്പോഴാണ് ശിവ് കുമാര്‍ ഗുപ്തയെ താന്‍ സംശയിക്കുന്നുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയത്. ''ബിജെപി നേതാവായ ശിവ് കുമാര്‍ ഗുപ്തയാണ് കൊലയ്ക്ക് പിന്നില്‍. എനിക്കെന്റെ മകന്റെ മൃതദേഹം കാണണം. അവന് നീതി കിട്ടണം. ഞാന്‍ മരിച്ചാലും അത് ഞാനവന് വാങ്ങി നല്‍കും. ഗുപ്തയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യണം. അതാരും കേള്‍ക്കുന്നില്ല. തത്തേരി എന്നയിടത്തെ മാഫിയാ തലവനാണ് ശിവ് കുമാര്‍ ഗുപ്ത. അഞ്ഞൂറ് കേസെങ്കിലും അയാള്‍ക്കെതിരെ ഉണ്ട്. സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ അയാള്‍ അതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ എന്റെ മകനെ ആസൂത്രണം നടത്തി കൊല്ലുകയായിരുന്നു.
24 മണിക്കൂറിനകം കേസ് തെളിയിക്കാനാവുമെന്ന് പോലിസ് അവകാശപ്പെട്ടു. സൂചനകളുടെ അടിസ്ഥാനത്തില്‍ സംഘങ്ങളായി തിരിഞ്ഞ് യുപിയുടെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്ത് പോലിസും വിഷയത്തില്‍ സഹകരിക്കുന്നുണ്ട്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന രണ്ടുപേര്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു.
കൊലപാതകികള്‍ സിസിടിവിയില്‍
ലഖ്‌നോ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് കെ ഭഗതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. തിവാരിയുടെ വീട്ടില്‍ നിന്നു കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ കാവി നിറമുള്ള കുര്‍ത്തകളണിഞ്ഞ രണ്ട് പേര്‍ തിവാരിയുടെ വീട്ടിലേക്ക് നടന്നു കയറുന്നത് കാണാം. ഒരു സ്ത്രീയും ഒപ്പമുണ്ട്. ഇവരുടെ കൈയില്‍ മധുരപലഹാരത്തിന്റെ പെട്ടിയുണ്ടായിരുന്നു. അതിലായിരിക്കാം ആയുധം ഒളിപ്പിച്ചതെന്നാണ് പോലിസ് കരുതുന്നത്. തിവാരിയ്ക്ക് പൊലിസ് സംരക്ഷണമുണ്ടായിരുന്നു. അകത്ത് നിന്ന് ഇവരെ കടത്തിവിടാന്‍ നിര്‍ദേശം കിട്ടിയതിനെത്തുടര്‍ന്ന് കാവല്‍ നിന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇവരെ അകത്തേക്ക് കയറ്റി വിടുകയായിരുന്നു. ദീപാവലി സമ്മാനമായി കൊണ്ടുവന്ന മധുരപലഹാരമാണെന്നാണ് ഇവര്‍ പോലിസുകാരോട് പറഞത്. വീട്ടിനകത്ത് അവര്‍ അര മണിക്കൂറിലേറെ ചെലഴിച്ചിരുന്നു. വന്നവര്‍ തിവാരിയുടെ പരിചയക്കാരാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നതെന്ന് ഡിജിപി ഒപി സിങ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. കഴുത്തറുത്തും വെടിവച്ചുമാണ് തിവാരിയെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്ത് ലഭിച്ച മധുരപലഹാരത്തിന്റെ പൊതിയില്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള കടയുടെ വിലാസമാണുള്ളത്. ഇത് പ്രകാരമാണ് അന്വേഷണം ഗുജറാത്തിലേക്കു വ്യാപിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.
പ്രവാചക നിന്ദ
2015ലാണ് തിവാരിയുടെ പ്രവാചക നിന്ദാ പരാമര്‍ശം വലിയ വിവാദമായത്. വന്‍പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തിവാരിക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കി. മതവിഭാഗങ്ങള്‍ക്കിടിയില്‍ സംഘര്‍ഷം സൃഷ്ടിക്കല്‍, ആരാധനാലയങ്ങള്‍ മലിനമാക്കല്‍, മതവികാരം ഇളക്കിവിടല്‍ തുടങ്ങിയവയുടെ പേരില്‍ തിവാരിക്കെതിരേ കേസുണ്ട്. 2011ല്‍ അഖില്‍ ഭാരത് ഹിന്ദു മഹാസഭാ സ്ഥാനാര്‍ഥിയായി സെന്‍ട്രല്‍ ലഖ്‌നോ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു.