ന്യൂഡല്‍ഹി: അഖിലഭാരത ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ (45) ലഖ്നോവിലെ വീട്ടില്‍ കയറി വധിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള മൂന്നുപേരടക്കം അഞ്ചുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിന്ദു സമാജ് പാര്‍ട്ടി സ്ഥാപകനും അയോധ്യ കേസിലെ പരാതിക്കാരനുമായ കമലേഷ് തിവാരിയുടെ വധത്തിനുപിന്നില്‍ ഭീകരബന്ധങ്ങളില്ലെന്നാണ് പോലിസ് പറയുന്നത്. നാലുവര്‍ഷം മുമ്പ് നടത്തിയ പ്രവാചകനിന്ദക്കുള്ള പകപോക്കലാണ് വധമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലിസ്. തിവാരിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് കിട്ടിയ ബേക്കറി പാക്കറ്റിലെ വിലാസം, സിസിടിവി ദൃശ്യങ്ങളില്‍നിന്നുള്ള നിഗമനം, ഭാര്യയുടെ പരാതിയിലെ പരാമര്‍ശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും പോലിസ് പുറത്തുവിട്ടിട്ടില്ല.
അറസ്റ്റിലായ പ്രതിയുടെ കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം പിടികൂടിയവർ നിരപരാധികളാണെന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്. യുപി പോലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് കമലേഷ് തിവാരിയുടെ മകന് സത്യം തിവാരി ആവശ്യപ്പെട്ടിരുന്നു. രണ്ട് ഗണ്മാന്മാരെയും ഒരു ഗാര്‍ഡിനെയും കാവലിനു നിയോഗിച്ചിട്ടുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നിരിക്കേ, സംസ്ഥാന ഭരണകൂടത്തിന്റെ അന്വേഷണത്തില്‍ സത്യം തിവാരി അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മകന്റെ മരണത്തിന് പിന്നിൽ സംഘപരിവാറും ബിജെപി നേതാവുമാണെന്ന കമലേഷിന്റെ അമ്മയുടെ മൊഴിയും പോലിസിനെ കുഴക്കുന്നുണ്ട്.
നാലുവർഷം മുമ്പ് കമലേഷ് നടത്തിയ പ്രവാചകനിന്ദയെ തുടര്‍ന്ന് ഇയാളെ വധിക്കുന്നവര്‍ക്ക് പിടിയിലായവർ ലക്ഷങ്ങളുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന ഭാര്യയുടെ പരാതിയിലാണ് ഗുജറാത്തിൽ നിന്നുള്ള മൗലാന മുഹ്സിന് ഷെയ്ഖ് (24), റഷീദ് അഹ്മദ് പഠാന് (23), ഫൈസാന്‍ (21) എന്നിവരെ പോലിസ് പിടികൂടിയിരിക്കുന്നത്.