ബംഗളൂരു: കന്നഡ നടി സൗജന്യ (25) യെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരു കുമ്പളഗോടുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അപ്പാര്‍ട്ട്‌മെന്റില്‍നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് നടി എഴുതിയ ആത്മഹത്യാക്കുറിപ്പാണ് പോലിസിന് ലഭിച്ചത്. ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്ത് അപ്പാര്‍ട്ട്‌മെന്റിലെത്തുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്ത് അകത്തുപ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് അടിമയാണെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണം. പല കാരണങ്ങള്‍ കൊണ്ടും മാനസികമായി താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നിലില്ലെന്നും നടിയുടെ കുറിപ്പിലുണ്ട്. ജീവിതത്തില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും താരം ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചു. പോലിസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത പോലിസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
വീട്ടില്‍നിന്ന് ഇംഗ്ലീഷിലും കന്നഡയിലും എഴുതിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പോലിസിന് ലഭിച്ചത്. ആരോഗ്യനില മോശമായതിനാലും കുറച്ചുകാലമായി ജോലിയില്ലാത്തതിനാലും നടി വളരെയധികം കഷ്ടപ്പെടുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ടിവി സീരിയലുകളിലാണ് സൗജന്യ കൂടുതലായി അഭിനയിച്ചിരിക്കുന്നത്. '' ചൗക്കട്ട് ഫണ്‍ ',' നാനോബ്‌നെ ഒല്ലേയവ്‌നു 'തുടങ്ങിയ രണ്ട് സീരിയലുകളിലാണ് പ്രധാനമായും അഭിനയിച്ചത്. ചില സിനിമകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.