ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം; യുപിയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കി

നാല് യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കേശവ് കുമാര്‍ പറഞ്ഞു.

Update: 2021-04-03 04:50 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരേ ക്രൂരത. മീററ്റില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരുന്നവരികയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. നാല് യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കേശവ് കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പക്കല്‍നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളെ അറസ്റ്റുചെയ്തതായും മറ്റ് രണ്ടുപേരെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി അയല്‍ഗ്രാമത്തിലെ ലഖാനും വികാസും ഉള്‍പ്പെടെ നാല് പ്രതികളെ കൂടാതെ മറ്റ് രണ്ടുപേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ടുപേരെ പോലിസ് അന്വേഷിക്കുന്നതിനിടെയാണ് ലഖാനും വികാസും അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂട്ടബലാല്‍സംഗത്തിനിരയായശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News