പോലിസ് പീഡനമെന്ന് പരാതി; ഫേസ്ബുക്ക് ലൈവിട്ട് അയോധ്യയിലെ ക്ഷേത്ര പൂജാരി ആത്മഹത്യ ചെയ്തു
ലഖ്‌നോ: പോലിസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ ലൈവിട്ട് അയോധ്യയിലെ ക്ഷേത്ര പൂജാരി ആത്മഹത്യ ചെയ്തു. നരസിംഹ ക്ഷേത്രത്തിലെ പൂജാരിയായ രാം ശങ്കര്‍ ദാസാ(28)ണ് മരിച്ചത്. പോലിസ് പീഡനം കാരണമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ലൈവില്‍ വെളിപ്പെടുത്തിയാണ് രാം ശങ്കര്‍ ജീവനൊടുക്കിയത്. ക്ഷേത്രത്തിലെ 80കാരനായ പൂജാരി രാം ശരണ്‍ ദാസിനെ ജനുവരി മുതല്‍ കാണാതായിരുന്നു. അന്വേഷണഭാഗമായി രാം ശങ്കറിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. റായ്ഗഞ്ച് പോലിസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥനും കോണ്‍സ്റ്റബിളിനുമെതിരെ രാം ശങ്കര്‍ ദാസ് ഗുരുതര ആരോപണം ഉന്നയിച്ചാണ് ഫേസ്ബുക്കില്‍ ലൈവിട്ടത്. പിന്നീട് പൂജാരിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തെ അദ്ദേഹത്തിന്റെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് രാംശങ്കര്‍ ദാസിന്റെ മൃതദേഹം മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, പൂജാരി രാം ശങ്കര്‍ ദാസ് ലഹരിക്ക് അടിമയായിരുന്നെന്നും മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് ജീവനൊടുക്കിയതെന്നും കോട്ട്വാലി പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ മനോജ് ശര്‍മ പറഞ്ഞു. പോലിസിനെതിരെയുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.