കര്‍ണ്ണാടക: കോടികളുടെ നിക്ഷേപവുമായി പ്രമുഖ ജ്വല്ലറി ഉടമ മുങ്ങിയതായി പരാതി
ബംഗളൂരു: ഹീര ഗ്രൂപ്പ് മാതൃകയില്‍ കര്‍ണ്ണാടകയിലും തട്ടിപ്പ് നടന്നതായി പരാതി. പുറത്തുനിന്നുമുള്ള നൂറുക്കണക്കിനാളുകളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ച് പ്രവര്‍ത്തിച്ച കര്‍ണ്ണാടകയിലെ പ്രമുഖ ജ്വല്ലറികള്‍ പൂട്ടി ഉടമ മുങ്ങിയതായാണ് പരാതി. ബംഗളൂരു ശിവജി നഗര്‍, ജയനഗര്‍ എന്നിവിടങ്ങളിലെ ഐഎംഎ ജ്വല്ലറികളും അനുബന്ധ ഓഫിസുകളുമാണ് തിങ്കളാഴ്ച അടഞ്ഞത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതി കാരണം സ്ഥാപനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്തതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടാണ് ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ അപ്രത്യക്ഷനായത്. ഇദ്ദേഹം വിദേശത്തേക്കു കടന്നിരിക്കാമെന്ന നിഗമനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
സന്ദേശം പ്രചരിച്ചതോടെ നൂറുക്കണക്കിനാളുകള്‍ ജ്വല്ലറികള്‍ക്കും ഓഫിസുകള്‍ക്കും മുന്നില്‍ തടിച്ചുകൂടി. ഒരു രാഷ്ട്രീയ നേതാവ് വാങ്ങിയ 400 കോടി രൂപ തിരിച്ചുതരുന്നില്ലെന്നാണ് ഉടമ പുറത്തു വിട്ട ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.
ജ്വല്ലറികള്‍ വിറ്റുകിട്ടുന്ന പണം നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കുമെന്നും പറയുന്നു.
ഖാന്‍ ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്നും കുടുംബസമേതം ദുബയിലേക്കോ സൗദി അറേബ്യയിലേക്കോ കടന്നിരിക്കാനാണ് സാധ്യതയെന്നും പോലിസ് അറിയിച്ചു.