ശ്രീനഗര്‍: പത്തു വര്‍ഷത്തിനിടെ കശ്മീരില്‍ എറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2018ല്‍. നിരന്തരം സംഘര്‍ഷ ഭൂമിയായി തുടരുന്ന കശ്മീരില്‍ ഈ വര്‍ഷം മാത്രം 586 പേരാണ് കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ജമ്മു-കശ്മീര്‍ ക്വയലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയാണ് കണക്കുകള്‍ പുറത്തു വിട്ടത്. ഇവരില്‍ 31 പേര്‍ കുഞ്ഞുങ്ങളും എട്ടു പേര്‍ സ്ത്രീകളുമാണ്.
കൊല്ലപ്പെട്ട 586 പേരില്‍ 160 പേരും നിരപരാധികളായ സാധാരണക്കാരാണ്. സായുധ പ്രവര്‍ത്തകരെന്നാരോപിച്ച് സൈന്യം കൊലപ്പെടുത്തിയ 267 പേരുടെ കണക്കുകളും റിപോര്‍ട്ടിലുണ്ട്. വിവിധയിടങ്ങളിലായി 159 സൈനികരും പോലിസുകാരും കൊല്ലപ്പെട്ടിട്ടുണ്ട് 2018ല്‍. പത്തു വര്‍ഷത്തിനിടെ എറ്റവും കൂടുതല്‍ കുഞ്ഞുങ്ങളും സ്ത്രീകളും കൊല്ലപ്പെട്ട വര്‍ഷമെന്ന അപഖ്യാതിയും 2018നു തന്നെ. 2018നു മുന്നെ സായുധ പ്രവര്‍ത്തകരെന്നാരോപിച്ച് സൈന്യം എറ്റവും കൂടുതല്‍ പേരെ കൊലപ്പെടുത്തിയ വര്‍ഷമാണ് 2016.
145 പേരാണ് 2016ല്‍ കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലാണ് എറ്റവും കൂടുതല്‍ നിരപരാധികള്‍ കൊല്ലപ്പെട്ടത്. ഹിസ്ബൂല്‍ മൂജാഹിദീന്‍ കമ്മാന്റര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ ആക്രമണങ്ങളിലാണ് കുല്‍ഗാം, അനന്തനാഗ്, പുല്‍വാമ, ഷോപിയാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 85 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഉത്തര കശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപൂര എന്നിവിടങ്ങളില്‍ 24ഉം ശ്രീനഗര്‍, ഗന്ധര്‍ബാല്‍, ബുധ്ഗാം എന്നിവിടങ്ങളില്‍ 13 സാധാരണക്കാരുമാണ് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം മേഖല സംഘര്‍ഷമാക്കുന്നതില്‍ വഹിച്ച പങ്ക് റിപോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സിആര്‍പിഎഫ് ഉദ്യോഗസ്ഥനടങ്ങുന്ന സംഘം ക്ഷേത്രത്തില്‍ വച്ച് ക്രൂരമായി ദിവസങ്ങളോളം ക്രൂരമായി ബലാല്‍സംഘം ചെയ്ത് ബാലികയെ കൊന്ന സംഭവം മേഖലിയിലാകെ സംഘര്‍ഷം വ്യാപിക്കുന്നതിനു പ്രധാന കാരണമായിരുന്നു.