ലോക്‌സഭാ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ മല്‍സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍
ഡല്‍ഹിയിലിരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നതു ജനങ്ങളോടുള്ള നീതികേടാണെന്നു കരുതുന്നതിനാലാണ് പിന്‍മാറുന്നത്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മല്‍സരിക്കാനില്ലെന്നു എഎഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവരെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംഘടനാ കാര്യ ചുമതലയുള്ളതിനാല്‍ ഡല്‍ഹിയിലിരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നതു ജനങ്ങളോടുള്ള നീതികേടാണെന്നു കരുതുന്നതിനാലാണ് പിന്‍മാറുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റ് നിര്‍ണയം ഉള്‍പ്പെടെയുള്ള സുപ്രധാന ചുമതലകളാണു പാര്‍ട്ടി ഏല്‍പിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയാണ് ചുമതല നല്‍കിയത്. അതിനാല്‍ തന്നെ താന്‍ മല്‍സരിക്കേണ്ടെന്ന കാര്യം അദ്ദേഹത്തിനും ബോധ്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മണ്ഡലം മാറി മല്‍സരിക്കുമോയെന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമാണ് താന്‍ വ്യക്തമാക്കിയതെന്നായിരുന്നു മറുപടി. അതേസമയം, തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിജയം നേടിയതായി എ എം ആരിഫ് പ്രതികരിച്ചു.