രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും ബിജെപി സൃഷ്ടിച്ച പദമാണ് 'ലൗ ജിഹാദ്'; രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി
വിവാഹമെന്നത് ഒരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇതിനെ തടസ്സപ്പെടുത്താന്‍ നിയമം നിര്‍മിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും ഇത് നിലനില്‍ക്കില്ല. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൗരന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടനാ വ്യവസ്ഥകളെയും ബിജെപി ഭരണകൂടം ലംഘിക്കുകയാണ്.
ജയ്പൂര്‍: 'ലൗ ജിഹാദ്' വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനും ബിജെപി സൃഷ്ടിച്ചെടുത്ത പദമാണ് 'ലൗ ജിഹാദ്' എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 'ലൗ ജിഹാദി'നെതിരേ നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ വിമര്‍ശനം. 'ലൗ ജിഹാദ്' എന്നതിന് നിയമത്തില്‍ വ്യക്തമായ നിര്‍വചനമില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍തന്നെ വ്യക്തമാക്കിയതാണ്.
വിവാഹമെന്നത് ഒരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഇതിനെ തടസ്സപ്പെടുത്താന്‍ നിയമം നിര്‍മിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും ഇത് നിലനില്‍ക്കില്ല. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൗരന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ഭരണഘടനാ വ്യവസ്ഥകളെയും ബിജെപി ഭരണകൂടം ലംഘിക്കുകയാണ്. പ്രണയത്തില്‍ ജിഹാദിന് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് ബിജെപിയുടെ 'ലൗ ജിഹാദ്' കുപ്രചാരണത്തിനെതിരേ ഗെലോട്ട് ആഞ്ഞടിച്ചത്. വിവാഹം വ്യക്തിപരമായ തീരുമാനമാണ്, അവര്‍ അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിന് തുല്യമാണ്.
'ലൗ ജിഹാദി'നെതിരായ ശബ്ദങ്ങളെ സാമുദായിക ഐക്യം തകര്‍ക്കാനും സാമൂഹിക സംഘര്‍ഷത്തിന് ഇന്ധനം നല്‍കാനും ഭരണഘടനാ വ്യവസ്ഥകള്‍ അവഗണിക്കാനുമുള്ള തന്ത്രമെന്നാണ് ഗെലോട്ട് വിശേഷിപ്പിച്ചത്. ഗെലോത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ബിജെപിയും രംഗത്തുവന്നു. ആയിരക്കണക്കിന് യുവതികള്‍ ലൗ ജിഹാദില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണെങ്കില്‍, പെണ്‍കുട്ടികള്‍ക്ക് അവരുടെ മതം നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രിയ അശോക്ജി, വിവാഹം ഒരു വ്യക്തിപരമായ കാര്യമാണെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് യുവതികളുള്ള ഒരു കെണിയാണ് ലൗ ജിഹാദ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണെങ്കില്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് അവരുടെ ആദ്യനാമമോ മതമോ നിലനിര്‍ത്താത്തതെന്നും അദ്ദേഹം ചോദിക്കുന്നു.