മഹാരാഷ്ട്രയില്‍ മദ്‌റസ വിദ്യാര്‍ത്ഥിക്ക് മര്‍ദനം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Update: 2024-03-03 09:36 GMT
മുംബൈ: മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗറിലെ മദ്‌റസയില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലുള്ള കേന്ദ്രങ്ങളില്‍ കുട്ടികളെ ഇത്തരത്തില്‍ മര്‍ദിക്കുന്നത് ക്രൂരവും അപമാനകരവുമാണെന്ന് എം.എസ്.സി.പി.സി.ആര്‍ ചെയര്‍പേഴ്‌സണ്‍ സൂസിബെന്‍ ഷാ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ തങ്ങള്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും മാര്‍ച്ച് ആറിന് മുംബൈയില്‍ നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകണമെന്ന് മദ്‌റസ അധികൃതര്‍ക്കും സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍, മദ്‌റസയുടെ സമീപത്തുള്ള കടയില്‍ നിന്ന് 100 രൂപ വിലയുള്ള വാച്ച് മോഷ്ടിച്ചുവെന്നാരോപിച്ച് കുട്ടിയെ ഛത്രപതി സഭാജിനഗറിലെ മൗലാന മര്‍ദിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ മോഷണം ആരോപിച്ച് സഹ വിദ്യാര്‍ത്ഥികളും മൗലവിയും വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് തുപ്പുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.




Similar News