കാര്‍ പാലത്തില്‍നിന്ന് വീണു; മഹാരാഷ്ട്ര ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2022-01-26 01:00 GMT

വാര്‍ധ: മഹാരാഷ്ട്രയില്‍ കാര്‍ പാലത്തില്‍നിന്ന് വീണുണ്ടായ അപകടത്തില്‍ ഏഴ് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചു. വാര്‍ധ ജില്ലയിലെ സെല്‍സുര ഗ്രാമത്തിലായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പാലത്തില്‍നിന്നു താഴേക്ക് പതിക്കുകയായിരുന്നു. മഹാരാഷ്ട്ര തിറോറ ബിജെപി എംഎല്‍എ വിജയ് റഹാംഗ്‌ഡേലെയുടെ മകന്‍ ആവിഷ്‌കര്‍ റഹാംഗ്‌ഡേലെ ഉള്‍പ്പെടെയുള്ളവരാണ് മരണപ്പെട്ടത്. ഏഴ് വിദ്യാര്‍ഥികളു സംഭവസ്ഥലത്തുതന്നെ മരിച്ചു. വാര്‍ധയ്ക്കു സമീപം സാവന്‍ഗിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണിവര്‍.


 ഒരു വിദ്യാര്‍ഥിയുടെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുത്തശേഷം മടങ്ങവെയായിരുന്നു അപകടം. സെല്‍സുരയ്ക്ക് സമീപം രാത്രി 11 നും 12 നും ഇടയില്‍ ദേവ്‌ലി ഗ്രാമത്തിനും വാര്‍ധ നഗരത്തിനും ഇടയിലുള്ള നാഗ്പൂര്‍- യവത്മാല്‍ ഹൈവേയില്‍ ബദാദി നദിക്ക് മുകളിലുള്ള പാലത്തിലായിരുന്നു സംഭവം. ആവിഷ്‌കാര്‍ രഹാംഗഡലെയെ കൂടാതെ നീരജ് ചൗഹാന്‍, പ്രത്യുഷ് സിങ്, ശുഭം ജയ്‌സ്വാള്‍(മൂവരും യുപി സ്വദേശികള്‍), വിവേക് നന്ദന്‍, പവന്‍ ശക്തി (ഇരുവരും ബിഹാര്‍ സ്വദേശികള്‍), നിതീഷ്‌കുമാര്‍ സിങ്(ഒഡീഷ) എന്നിവരാണു മരിച്ചവര്‍. അശ്രദ്ധമൂലം മരണത്തിന് ഇടയാക്കിയതിന് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

കാര്‍ ദേവ്‌ലിയില്‍നിന്ന് വാര്‍ധയിലേക്ക് നീങ്ങി ഒരു ഓവര്‍ബ്രിഡ്ജില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും മതിലില്‍ ഇടിച്ച് പാലത്തില്‍നിന്ന് വീഴുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മറ്റൊരു വാഹനവും അപകടത്തില്‍പെട്ടിട്ടില്ല- സവാംഗി പോലിസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ബാബാസാഹേബ് തോറാട്ട് പറഞ്ഞു. അപകടത്തില്‍പ്പെട്ട കാര്‍ കാണുമ്പോള്‍ അവര്‍ അമിതവേഗതയിലായിരുന്നുവെന്ന് തോന്നുന്നു. എന്നാല്‍, ഇതൊരു അപകട സ്ഥലമല്ല. ആദ്യമായാണ് ഇത്രയും വലിയ അപകടം സംഭവിക്കുന്നത്. നാല് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഞങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മറ്റ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News