പ്രണയാഭ്യര്‍ഥന നിരസിച്ചു; കോളജ് അധ്യാപികയെ യുവാവ് തീക്കൊളുത്തിക്കൊന്നു
മഹാരാഷ്ട്രയിലെ വാര്‍ധയിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് 25കാരിയായ കോളജ് അധ്യാപികയ്ക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി വിക്കി നഗ്രാലിനെ പോലിസ് അറസ്റ്റ് ചെയ്തു.
മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മുംബൈയില്‍ കോളജ് അധ്യാപികയെ യുവാവ് പെട്രോളൊഴിച്ച് തീക്കൊളുത്തിക്കൊന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി തിങ്കളാഴ്ച മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ വാര്‍ധയിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് 25കാരിയായ കോളജ് അധ്യാപികയ്ക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമി വിക്കി നഗ്രാലിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വിവാഹിതനും ഏഴുമാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്. ബൈക്കിലെത്തിയ വിക്കി യുവതിയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു.
40 ശതമാനം പൊള്ളലേറ്റ യുവതി നാഗ്പൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പോലിസ് കൈമാറിയെന്ന് ഓറഞ്ച് സിറ്റി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. അനൂപ് മാരാര്‍ അറിയിച്ചു. രണ്ടുവര്‍ഷത്തോളമായി വിക്കി യുവതിയെ ശല്യംചെയ്തുവരികയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. യുവതിക്കെതിരായ ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷമുണ്ടായിരുന്നു. കോളജ് വിദ്യാര്‍ഥികളും അധ്യാപകരും വാര്‍ധയില്‍ പ്രതിഷേധപ്രകടനവും നടത്തി.
പ്രതിക്ക് മരണശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. യുവതിയുടെ മരണത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ വാര്‍ധയിലെ ഹിങ്കാങ്ഹട്ട് പ്രദേശത്ത് പോലിസ് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടുന്ന വലിയ ജനക്കൂട്ടം വ്യാഴാഴ്ച വാര്‍ധയില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രശസ്ത അഭിഭാഷകന്‍ ഉജ്ജ്‌വാള്‍ നിക്കാമിനെ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ചു.