മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു; 1,001 പോലിസുദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍നിന്ന് ശുഭകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. ധാരാവിയില്‍ 1,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ബുധനാഴ്ച മാത്രം 66 പേര്‍ക്കാണ് രോഗം ബാധിച്ചത്.
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. പുതുതായി 1,495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 54 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ ആകെ 25,922 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ മൂന്നിലൊന്ന് വൈറസ് കേസുകളും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 10 ദിവസങ്ങളായി വൈറസ് കേസുകള്‍ അതിവേഗം കൂടുകയാണ്. ഓരോ ദിവസവും 1,000 എന്ന ക്രമത്തിലാണ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ഥിതി ഗുരുതരമായ മുംബൈയില്‍ രോഗികളുടെ എണ്ണം 15,000 കടന്നു. സംസ്ഥാനത്തെ വൈറസ് കേസുകളുടെ 20 ശതമാനവും മുംബൈയില്‍നിന്നാണ്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍നിന്ന് ശുഭകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. ധാരാവിയില്‍ 1,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ബുധനാഴ്ച മാത്രം 66 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ വൈറസ് ബാധിതര്‍ 15,747 ആയി. ധാരാവിയിലെ രാജീവ് നഗര്‍, കമല നഗര്‍, മുകുന്ദ് നഗര്‍ എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. അതിനിടെ, മുംബൈയിലെ കണ്ടെയ്ന്മെന്റ് സോണുകളിലും, റെഡ് സോണുകളിലും രോഗപ്രതിരോധശേഷി മരുന്നുകള്‍ ബിഎംസി വിതരണം ചെയ്തു. മരണസംഖ്യ 596 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് മരണസംഖ്യ ആയിരത്തോട് അടുക്കുകയാണ്. 975 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. 5,547 പേര്‍ക്ക് രോഗം ഭേദമായി. അതിനിടെ, സംസ്ഥാനത്ത് കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.
ഒരുദിവസം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതുതായുണ്ടായത്. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഒരുപോലെ വര്‍ധിക്കുകയാണ്. അതിനിടെ, മഹാരാഷ്ട്രയില്‍ 1001 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ 851 പേര്‍ ചികില്‍സയിലാണ്. 142 പേര്‍ രോഗമുക്തി നേടിയെങ്കിലും 8 പോലിസുകാര്‍ വൈറസ് പിടിപെട്ട് മരണത്തിന് കീഴടങ്ങി. കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ 218 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടന്നതായും 770 പ്രതികളെ അറസ്റ്റുചെയ്തതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്രസേന എത്തിയാല്‍ കൂടുതല്‍ സഹായകമാവുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 20 കമ്പനി കേന്ദ്രസേനയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.