'കൊവിഡ് മുക്ത ഗ്രാമം' മല്‍സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; ഒന്നാം സമ്മാനം 50 ലക്ഷം
ഒന്നാം സമ്മാനം 50 ലക്ഷം രൂപ, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25, 15 ലക്ഷം രൂപ വീതം ലഭിക്കും. സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായി ഓരോ ഡിവിഷനിലും വിജയിക്കുന്ന മൂന്ന് പഞ്ചായത്തുകളെ വീതമാണ് തിരഞ്ഞെടുക്കുക.
മുംബൈ: വൈറസിന്റെ രണ്ടാം തരംഗത്തെ രാജ്യം പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗ്രാമങ്ങളെ കൊവിഡ് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ 'കൊവിഡ് മുക്ത ഗ്രാമം' മല്‍സരം സംഘടിപ്പിക്കുന്നു. കൊവിഡിന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളെയും പ്രാദേശിക ഭരണകൂടങ്ങളെയും പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
ഒന്നാം സമ്മാനം 50 ലക്ഷം രൂപ, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25, 15 ലക്ഷം രൂപ വീതം ലഭിക്കും. സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായി ഓരോ ഡിവിഷനിലും വിജയിക്കുന്ന മൂന്ന് പഞ്ചായത്തുകളെ വീതമാണ് തിരഞ്ഞെടുക്കുക. അങ്ങനെ ആകെ 18 പഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കും. ഇതിനായി 5.4 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തിടെ പ്രഖ്യാപിച്ച 'മൈ വില്ലേജ് കൊറോണ ഫ്രീ' സംരംഭത്തിന്റെ ഭാഗമായാണ് ഈ മല്‍സരമെന്ന് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്‌രിഫ് പ്രസ്താവിച്ചു. താലൂക്കുകളും ജില്ലകളും ആത്യന്തികമായി മഹാരാഷ്ട്ര സംസ്ഥാനം മുഴുവന്‍ കൊവിഡ് വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം- അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്ന ഗ്രാമങ്ങളെ 22 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കും.
പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക ഗ്രാമങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,123 പുതിയ കൊവിഡ് കേസുകളും 477 മരണങ്ങളുമാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ മൊത്തം കേസുകള്‍ ഇപ്പോള്‍ 57,61,015 ആയി ഉയര്‍ന്നിട്ടുണ്ട്.