മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; 24 മണിക്കൂറിനിടെ 5,560 പുതിയ രോഗികള്‍, 163 മരണം

Update: 2021-08-12 02:38 GMT

മുംബൈ: ഒരിടവേളയ്ക്കുശേഷം മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയില്‍ 5,560 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 163 പേര്‍ക്ക് ജീവനും നഷ്ടമായി. 6,944 രോഗികളെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൊവ്വാഴ്ച സംസ്ഥാനത്ത് 5,609 പുതിയ കേസുകളും 137 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 63,69,002 ആയി ഉയര്‍ന്നു. മരണസംഖ്യ 1,34,364 ആയി- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സുഖം പ്രാപിച്ച വൈറസ് രോഗികളുടെ എണ്ണം ബുധനാഴ്ച 61,66,620 ആയി ഉയര്‍ന്നു, സംസ്ഥാനത്ത് 64,570 സജീവ കേസുകളാണുള്ളത്. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 96.82 ശതമാനവും മരണനിരക്ക് 2.1 ശതമാനവുമാണ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്- 811. എട്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ പൂനെ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്- 2,342. കോലാപ്പൂര്‍ മേഖലയില്‍ 1,143 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുംബൈ മേഖലയില്‍ 791 കേസുകളും നാസിക് മേഖല- 943, ലാത്തൂര്‍ മേഖല- 255, ഔറംഗാബാദ് മേഖല- 42, അകോല മേഖല- 31, നാഗ്പൂര്‍ മേഖല- 13 കേസുകളും റിപോര്‍ട്ട് ചെയ്തു. 163 മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് പൂനെ (69) മേഖലയില്‍നിന്നാണ്. 35 എണ്ണം കോലാപ്പൂര്‍ മേഖലയിലാണ്. മുംബൈ-25, നാസിക്- 24, ഔറംഗാബാദ്- ഒന്ന്, ലാത്തൂര്‍- ഏഴ്, അകോള- രണ്ട് എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ കണക്ക്.

നാഗ്പൂര്‍ മേഖലയില്‍ കൊവിഡ് സംബന്ധമായ ഒരുമരണം പോലും റിപോര്‍ട്ട് ചെയ്തിട്ടില്ല. മുംബൈയില്‍ 285 പുതിയ കേസുകളും ഒമ്പത് മരണങ്ങളും രേഖപ്പെടുത്തി. പൂനെയില്‍ 667 പുതിയ കേസുകളും ഏഴ് മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. 2,11,041 സാംപിളുകളാണ് പുതുതായി പരിശോധിച്ചത്. ഇതുവരെ നടത്തിയ വൈറസ് സാംപിള്‍ പരിശോധനകളുടെ എണ്ണം 5,01,16,137 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ മൊത്തം 4,01,366 പേര്‍ ഹോം ക്വാറന്റൈനിലും 2,676 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും കഴിയുന്നുണ്ട്.

Tags:    

Similar News