രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; ഡല്‍ഹി ഘടകം പ്രമേയം പാസാക്കി

മോദി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്ന് ഡിപിസിസി അധ്യക്ഷന്‍ പറഞ്ഞു.

Update: 2021-01-31 18:39 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം പ്രമേയം പാസാക്കി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ഡിപിസിസി) അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്.

മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി. തുടര്‍ന്നാണ് രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. മോദി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്ന് ഡിപിസിസി അധ്യക്ഷന്‍ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട മറ്റുരണ്ട് പ്രമേയങ്ങളും ഡല്‍ഹി കോണ്‍ഗ്രസ് ഘടകം പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കര്‍ഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുന്നതാണ് മറ്റുരണ്ട് പ്രമേയങ്ങള്‍.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജൂണില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഡല്‍ഹി ഘടകം രാഹുലിനുവേണ്ടി പ്രമേയം പാസാക്കിയിട്ടുള്ളത്. ഡല്‍ഹി ഘടകത്തെ പിന്തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളും സമാനമായ പ്രമേയങ്ങള്‍ പാസാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം നേരിടേണ്ടിവന്നതിന് പിന്നാലെയാണ് രാഹുല്‍ പര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.

Similar News