മണിപ്പൂര്‍ മണ്ണിടിച്ചില്‍: മരണസംഖ്യ 20 ആയി ഉയര്‍ന്നു, 44 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍
ഇന്ത്യന്‍ ആര്‍മി, അസം റൈഫിള്‍സ്, ടെറിട്ടോറിയല്‍ ആര്‍മി, കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേന എന്നിവയുടെ സംഘങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഇംഫാല്‍: മണിപ്പൂരിലെ നോനി ജില്ലയിലെ ടെറിട്ടോറിയല്‍ ആര്‍മി ക്യാംപിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 15 ജവാന്മാരും ഉള്‍പ്പെടുന്നു.
ഇതുവരെ, ടെറിട്ടോറിയല്‍ ആര്‍മിയിലെ 13 ഉദ്യോഗസ്ഥരെയും അഞ്ച് സിവിലിയന്മാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത്തിനാല് പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ടുപുള്‍ യാര്‍ഡ് റെയില്‍വേ നിര്‍മാണ സ്ഥലത്തിന് സമീപമുള്ള ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പില്‍ ബുധനാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്.
ഇന്ത്യന്‍ ആര്‍മി, അസം റൈഫിള്‍സ്, ടെറിട്ടോറിയല്‍ ആര്‍മി, കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേന എന്നിവയുടെ സംഘങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, ഉന്നത ആര്‍മി, സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം വെള്ളിയാഴ്ച ദുരന്തസ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ സംസ്ഥാനത്ത് നിന്നുള്ള ഒമ്പത് ജവാന്‍മാര്‍ സംഭവത്തില്‍ മരിച്ചതായി ട്വീറ്റില്‍ പറഞ്ഞു.
മണിപ്പൂരിലെ മണ്ണിടിച്ചിലില്‍ മരിച്ചവരില്‍ ഡാര്‍ജിലിംഗ് കുന്നുകളിലെ ഒമ്പത് ജവാന്‍മാരും (107 ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റ്) ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അടുത്ത ബന്ധുക്കള്‍ക്ക് എല്ലാ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കുകയും ചെയ്യുന്നു-മമത ട്വീറ്റ് ചെയ്തു.