റിട്ട് ഹരജി തള്ളി; മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന തങ്ങളുടെ ഉത്തരവില്‍ എല്ലാം വ്യക്തമാണെന്നു കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാവുന്നതാണെന്നും കോടതി അറിയിച്ചു. നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.

Update: 2019-07-26 12:08 GMT

ന്യൂഡല്‍ഹി: കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരേ നല്‍കിയ റിട്ട് ഹരജി സുപ്രിംകോടി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ടു മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു തള്ളിയത്. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന തങ്ങളുടെ ഉത്തരവില്‍ എല്ലാം വ്യക്തമാണെന്നു കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാവുന്നതാണെന്നും കോടതി അറിയിച്ചു. നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേ അന്വേഷണം വേണമെന്ന ആവശ്യവും കോടതി നിരാകരിച്ചു.

തീരദേശപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയ മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ ഒരുമാസത്തിനുള്ളില്‍ പൊളിച്ചുമാറ്റിയതിനു ശേഷം റിപോര്‍ട്ട് നല്‍കാനായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ് എട്ടിനു ഉത്തരവിട്ടത്. ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫഌറ്റ് ഉടമകള്‍ നല്‍കിയ ഹരജിയും സുപ്രിംകോടതി തള്ളി. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധി ചോദ്യംചെയ്തുള്ള ഒരു റിട്ട് ഹരജി ജൂലൈ 5നും പുനപ്പരിശോധനാ ഹരജികള്‍ ജൂലൈ 11നും കോടതി തള്ളിയിരുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നിവയാണ് പൊളിച്ചുനീക്കുന്നത്. റിവ്യൂ ഹരജികളും റിട്ട് ഹരജികളും തള്ളിയതോടെ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി.

കേരള തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെ 2006-07 ലാണ് മരട് പഞ്ചായത്ത് ഫ്‌ളാറ്റുകള്‍ക്ക് നിര്‍മാണാനുമതി നല്‍കിയത്. നിര്‍മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള തീരദേശനിയന്ത്രണ മേഖല 3ല്‍ (സിആര്‍സെഡ്) ഉള്‍പ്പെട്ട പ്രദേശത്താണ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്ന് സുപ്രിംകോടതി നേരത്തെ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മരട് മുനിസിപ്പാലിറ്റിയാണെന്ന് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു.

Tags:    

Similar News