മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ വീണ്ടും സുപ്രീംകോടതിയില്‍
ഫ്‌ലാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധന്‍ നാളെ കൊച്ചിയിലെത്താനിരിക്കെയാണ് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം തടയാനുള്ള അവസാന വട്ട ശ്രമമെന്ന നിലയിലാണ് നിര്‍മ്മാതാക്കളുടെ നീക്കം.
ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റ് നിര്‍മാണത്തില്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സുപ്രീംകോടതിയില്‍ നിര്‍മ്മാതാക്കളുടെ സത്യവാങ്മൂലം. കെട്ടിട നിര്‍മാണ കമ്പനിയായ ആല്‍ഫ വെഞ്ചേഴ്‌സ് ആണ് സത്യവാങ്മൂലം നല്‍കിയത്. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് മരടിലെ ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതില്‍ നിയമം ലംഘനം ഇല്ലെന്ന് മരട് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് കേരള ഹൈക്കോടതിയും അനുമതി നല്‍കിയിരുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ ഉത്തരവാദിയല്ല. നഷ്ടപരിഹാരം ഫ്‌ലാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയെന്നും സത്യവാങ്മൂലത്തില്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
ഫ്‌ലാറ്റ് പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധന്‍ നാളെ കൊച്ചിയിലെത്താനിരിക്കെയാണ് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം തടയാനുള്ള അവസാന വട്ട ശ്രമമെന്ന നിലയിലാണ് നിര്‍മ്മാതാക്കളുടെ നീക്കം.
നേരത്തെ മരട് ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്ക് എതിരായി ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ നല്‍കിയ പുനഃ പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. നഷ്ടപരിഹാരത്തിനുള്ള തുക സര്‍ക്കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഫ്‌ളാറ്റുടമകള്‍ക്ക് നാലാഴ്ചക്കകം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ആയിരുന്നു ഉത്തരവ്.