പിഎന്‍ബി വായ്പാ തട്ടിപ്പ്: മെഹുല്‍ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കന്‍ ഹൈക്കോടതി

ജാമ്യം നല്‍കിയാല്‍ ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൊമിനിക്കന്‍ കോടതി ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയത്. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പുനല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.

Update: 2021-06-12 03:58 GMT

ന്യൂഡല്‍ഹി: അറസ്റ്റിലായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്കന്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്‍കിയാല്‍ ചോക്‌സി രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൊമിനിക്കന്‍ കോടതി ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയത്. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പുനല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. ചോക്‌സി ഇന്ത്യന്‍ പൗരനാണെന്ന് ഡൊമിനിക്കന്‍ പ്രധാനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേസ് കോടതികള്‍ക്ക് മുമ്പിലാണ്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തുചെയ്യണമെന്ന് കോടതികള്‍ തീരുമാനിക്കും- പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് വ്യക്തമാക്കി.

എന്നാല്‍, ചോക്‌സിയെ പെട്ടെന്ന് ഇന്ത്യയിലേക്ക് അയക്കേണ്ടെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്‌സി സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഡോമിനിക്കന്‍ ഹൈക്കോടതിയെ ചോക്‌സി സമീപിച്ചത്. ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലാവുന്നത്. ബന്ധു നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്‌സി.

തട്ടിപ്പ് നടത്തിയശേഷം രാജ്യം വിട്ടതിനെത്തുടര്‍ന്ന് ചോക്‌സിക്കെതിരേ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ഡോമിനിക്ക, ആന്റിഗ്വ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ മെഹുല്‍ ചോക്‌സിക്കെതിരാണ്. നിരോധിത കുടിയേറ്റക്കാരനായ ചോക്‌സിയെ രാജ്യത്തുനിന്നും പുറത്താക്കണമെന്ന് ഡോമിനിക്ക ആഭ്യന്തര മന്ത്രാലയം പോലിസിന് നിര്‍ദേശം നല്‍കിയ രേഖകള്‍ കോടതിക്ക് മുന്നിലുണ്ട്. ഇന്ത്യന്‍ പൗരനായ ചോക്‌സി കേസുകളില്‍നിന്ന് രക്ഷപ്പെടാനായി രാജ്യം വിട്ടതാണെന്ന രേഖകള്‍ ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. ചോക്‌സിയെ അനധികൃതമായി ഡോമിനിക്കയിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്ന കേസ് തിങ്കളാഴ്ച ഡോമിനിക്കന്‍ ഹൈക്കോടതി പരിഗണിക്കും.

Tags:    

Similar News