ന്യൂഡല്‍ഹി: ഡൊമനിക്കന്‍ അതിര്‍ത്തി അനധികൃതമായി കടന്ന് രാജ്യത്ത് പ്രവേശിച്ച മെഹുല്‍ ചോക്‌സിക്ക് ജാമ്യം. മെയ് 23നാണ് ചോക്‌സി ഡൊമനിക്കയില്‍ അനധികൃതമായി പ്രവേശിച്ചത്. മോശമായ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് ജാമ്യം നല്‍കാന്‍ കോടതി തയ്യാറായത്. അദ്ദേഹത്തിന് ആന്റിഗ്വയിലേക്കോ ബര്‍ബുഡയിലേക്കോ തിരിച്ചുപോകാം. ആന്റിഗ്വ പൗരനാണ് ചോക്‌സി.
ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം 2018 മുതല്‍ വജ്രവ്യാപാരിയായ ചോക്‌സി ആന്റിക്വയിലാണ് താമസിച്ചിരുന്നത്.
63 വസ്സുള്ള ചോക്‌സി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിച്ച് നാടുവിട്ട കേസില്‍ പ്രതിയാണ്.
ആന്റിഗ്വയിലേക്ക് പോയി ന്യൂറോളജിസ്റ്റിനെ കണ്ട് ചികില്‍സ തേടാന്‍ കോടതി ചോക്‌സിക്ക് അനുമതി നല്‍കി.
ഒരു വ്യക്തിക്ക് സ്വന്തം താല്‍പര്യപ്രകാരം ചികില്‍സ തേടാമെന്ന പ്രാഥമിക അവകാശമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് അറസ്റ്റിനു പിന്നിലെന്നും ഡൊമനിക്കന്‍ പോലിസ് ഇന്ത്യന്‍ അധികാരികളുമായി ഒത്തുകളിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ചോക്‌സി ആരോപിച്ചിരുന്നു. ഒപ്പം ഡൊമനിക്കന്‍ പോലിസിനും അമ്പേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസും നല്‍കിയിട്ടുണ്ട്.
അനധികൃത പ്രവേശനമെന്ന കുറ്റം റദ്ദാക്കണമെന്ന് കഴിഞ്ഞ ആഴ്ച ചോക്‌സി ആവശ്യപ്പെട്ടിരുന്നു.
ഇത് രണ്ടാം തവണയാണ് ചോക്‌സി ജാമ്യത്തിനുവേണ്ടി കോടതിയെ സമീപിക്കുന്നത്.
തന്നെ ഇന്ത്യന്‍ അധികാരികള്‍ ആന്റിഗ്വയില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നാണ് ചോക്‌സി കോടതിയില്‍ വാദിച്ചത്.
മെയ് 23നാണ് ചോക്‌സിയെ ആന്റ്വിക്വയില്‍ നിന്ന് കാണാതായത്. പിന്നീട് അദ്ദേഹം ഡൊമനിക്കയിലാണ് പൊങ്ങിയത്.
ആന്റിഗ്വയില്‍നിന്ന് ഡൊമിനിക്കന്‍ റിപബ്ലിക്കിലെത്തി അവിടെനിന്ന് ക്യൂബയിലേക്ക് കടക്കാനായിരുന്നു ശ്രമം.
ചോക്‌സിയെ നാട്ടിലെത്തിക്കാന്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റേയും ഉദ്യോഗസ്ഥര്‍ ഡൊമനിക്കയില്‍ ചാര്‍ട്ടേര്‍ഡ് വിമാനവുമായി കാത്തിരുന്നിരുന്നു. ഇതിനു തിരിച്ചടിയാണ് ചോക്‌സിക്ക് ലഭിച്ച ജാമ്യം.