മെഹുല്‍ ചോക്‌സി അനധികൃത കുടിയേറ്റക്കാരനെന്ന് ഡൊമനിക്കന്‍ സര്‍ക്കാര്‍; നാടുകടത്താനുള്ള സാധ്യത വര്‍ധിച്ചതായി വിലയിരുത്തല്‍
റോസിയൊ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ മെഹുല്‍ ചോക്‌സി അനധികൃത കുടിയേറ്റക്കാരനാണെന്ന് ഡൊമനിക്കന്‍ സര്‍ക്കാര്‍. ഇതോടെ ചോക്‌സിയെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ സാധ്യത വര്‍ധിച്ചു.
2017 ഭേദഗതി വരുത്തിയ പാസ്‌പോര്‍ട്ട് നിയമം ചോക്‌സി ലംഘിച്ചതായും അദ്ദേഹം രാജ്യത്ത് പ്രവേശിച്ചത് നിയമവിരുദ്ധമായാണെന്നുമാണ് നാഷണല്‍ സെക്യൂരിറ്റി ആന്റ് ഹോം അഫയേഴ്‌സ് വകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്.
ചോക്‌സിക്ക് ഡൊമനിക്കയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അദ്ദേഹത്തെ നാടുകടത്തുന്നതിനുള്ള നടപടികള്‍ പോലിസ് മേധാവി കൈക്കൊള്ളണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡൊമനിക്കന്‍ മന്ത്രി റെബേണ്‍ ബ്ലാക്മൂര്‍ ആണ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. മെയ് 25ന് ഒപ്പുവച്ച് കോടതിയില്‍ സമര്‍പ്പിച്ച ഉത്തരവ് ഇപ്പോഴാണ് പരസ്യമാവുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കും ചോക്‌സിയെ നാടുകടത്തേണ്ടതുണ്ടോ എന്ന് കോടതി തീരുമാനിക്കുക.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ കടമെടുത്ത് മുങ്ങിയ മെഹുള്‍ ചോക്‌സി മെയ് 23നാണ് ആന്റിക്വയില്‍ നിന്ന് ഡൊമനിക്കയിലെത്തിയത്. അവിടെ നിന്ന് ക്യൂബയിലേക്ക് പോകാനായിരുന്നു പദ്ധതിയെങ്കിലും അത് പൊളിഞ്ഞു.
മെഹുല്‍ ആന്റിക്വന്‍ പൗരനല്ലെന്നും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും പ്രധാനമന്ത്രി ഗാസ്റ്റോണ്‍ ബ്രൗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 മുതല്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ചോക്‌സി ആന്റിക്വയില്‍ പൗരത്വം നേടിയിരുന്നു.
ചോക്‌സി ഇന്ത്യന്‍ പൗരനാണെന്ന് ഡൊമനിക്കന്‍ പ്രധാനമന്ത്രി റൂസ് വെല്‍ട്ട് സ്‌കെറിട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ചോക്സിയുടെ ഭാവി തീരുമാനിക്കേണ്ടത് കോടതിയാണെന്നും അതേസമയം വിചാരണ നേരിടുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയിലേക്ക് അടിയന്തരമായി നാടുകടത്തുന്നതില്ലെന്ന് കഴിഞ്ഞ ദിവസം കോടതിതന്നെ നിലപാടെടുത്തിരുന്നു.
ഹണിട്രാപ്പില്‍ പെട്ട് ഡൊമിനിക്കയിലെത്തിയതെന്നാണ് മെഹുല്‍ ചോക്‌സിയുടെ അഭിഭാഷകരുടെ വാദം.
പ്രതിയെ നാട്ടിലെത്തിക്കാന്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റേയും ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങളായി ഡൊമനിക്കയില്‍ ചാര്‍ട്ടേര്‍ഡ് വിമാനവുമായി കാത്തിരിക്കുന്നുണ്ട്.