ആദിവാസി പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; മുഴുവന്‍ പ്രതികളും അറസ്റ്റില്‍
ദുര്‍ഗാ പൂജ ചടങ്ങുകള്‍ക്ക് ശേഷം ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെയാണ് 10 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്.
റാഞ്ചി: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ഒളിവില്‍ കഴിഞ്ഞിരുന്ന ഏഴുപേരെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഗുംല ജില്ലയില്‍ ഗുരുദാരി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഈ മാസം 15നാണ് സംഭവം നടന്നത്. ദുര്‍ഗാ പൂജ ചടങ്ങുകള്‍ക്ക് ശേഷം ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെയാണ് 10 പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്.
മൂന്ന് ബൈക്കുകളിലായെത്തിയ പ്രതികള്‍ പെണ്‍കുട്ടികളെ വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയുമായിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും ഇവര്‍ ആക്രമിച്ചു. എന്നാല്‍, ഇയാള്‍ പിന്നീട് ഓടിരക്ഷപ്പെടുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
പെണ്‍കുട്ടികള്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ പ്രതികളിലൊരാള്‍ അറസ്റ്റ് ഭയന്ന് ജീവനൊടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞ ഏഴുപേരെ കൂടി പോലിസ് പിടികൂടിയത്.
വനത്തില്‍വന്ന് പീഡിപ്പിച്ചശേഷം തങ്ങളെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തശേഷം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവച്ചും ബലാല്‍സംഗം ചെയ്‌തെന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 19നും 26നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാ പ്രതികളും. മുഖ്യപ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പോലിസ് പറയുന്നു. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പോലിസ് സൂപ്രണ്ട് എഹ്‌തേഷാം വഖാരിബ് പറഞ്ഞു.