മഹോബ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടിത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ വോട്ടിങ് യന്ത്രം ബസ് സ്റ്റാന്റില്‍ നിന്നും കണ്ടെത്തി. മഹോബ ജില്ലയിലെ നൊഗാവോണ്‍ ഫട്‌ന ഗ്രാമത്തിലെ 27ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രമാണ് സ്‌ട്രോങ് റൂമിലേക്കു മാറ്റുന്നതിനിടെ കാണാതായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തിങ്കളാഴ്ച കാണാതായ വോട്ടിങ് യന്ത്രം ചൊവ്വാഴ്ച ബസ് സ്റ്റാന്റിലെ വിശ്രമമുറിയില്‍ കണ്ടെത്തുകയായിരുന്നുവെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡിഡി തിവാരി അറിയിച്ചു. യന്ത്രത്തിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്നും ഇതിനാല്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും തിവാരി പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് വോട്ടിങ് യന്ത്രം കാണാതായതെന്നു വിശദീകരിക്കാന്‍ തിവാരി വിസമ്മതിച്ചു. വോട്ടിങ് യന്ത്രം കാണാതായിട്ടുണ്ടെന്നും കണ്ടു കിട്ടുന്നവര്‍ തിരിച്ചേല്‍പിക്കണമെന്നും ആവശ്യപ്പെട്ടു റിക്ഷയില്‍ വിളംബരം നടത്തുന്നതിന്റെ വീഡിയോ മേഖലയില്‍ ്പ്രചരിച്ചിരുന്നു. തിരിച്ചേല്‍പിക്കുന്നവര്‍ക്കു 10000 രൂപ പ്രതിഫലം ലഭിക്കുമെന്നും നിയമനടപടികളെടുക്കില്ലെന്നും അറിയിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.