ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയും പരാജയം; പദ്ധതിക്കായുള്ള ഫണ്ടിന്റെ 56 ശതമാനവും ചെലവഴിച്ചത് പരസ്യത്തിന്
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിക്കായുള്ള ഫണ്ടിന്റെ 56 ശതമാനവും ചിലവഴിച്ചത് പരസ്യങ്ങള്‍ക്കെന്നു സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണം തുടങ്ങിയ പദ്ധതികള്‍ പോലെ തന്നെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയും പരാജയമാണെന്നു വ്യക്തമാക്കുന്നതാണ് സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍. 2014 മുതല്‍ 644 കോടിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 364 കോടി രൂപയും(ആകെ തുകയുടെ 56 ശതമാനം) ചെലവഴിച്ചത് പദ്ധതിയുടെ പരസ്യത്തിനായാണ്. 19 ശതമാനം സംസ്ഥാനങ്ങള്‍ക്കും മറ്റുമായി വകയിരുത്തിയെങ്കിലും നല്‍കാനായിട്ടില്ലെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു. ചുരുക്കത്തില്‍ പദ്ധതിക്കായുള്ള ഫണ്ടിന്റെ 25 ശതമാനം(159 കോടി) മാത്രമാണ് സര്‍ക്കാര്‍ വിതരണം ചെയ്തതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2018-19 വര്‍ഷത്തില്‍ പദ്ധതിക്കായി വകയിരുത്തിയ 280 കോടിയില്‍ 155.71 കോടിയും ചെലവഴിച്ചത് പരസ്യത്തിനാണ്. വെറും 70.63 കോടിയാണ് വിതരണം ചെയ്തതെന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു.