മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടില്ലെന്ന വാദവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്ത്. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പുതിയ മറുപടി സത്യവാങ്മൂലത്തിലാണ് മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന തമിഴ്‌നാടിന്റെ നിലപാട്. ചെറിയ ഭൂചലനങ്ങള്‍ കാരണം വിള്ളലുണ്ടായിട്ടില്ല. അന്തിമ റൂള്‍ കര്‍വ് തയ്യറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അഭിപ്രായം കേട്ട ശേഷം കേന്ദ്ര ജലകമ്മീഷന്‍ റൂള്‍ കെര്‍വ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.
2014 ഭരണഘടന ബെഞ്ചിന്റെ വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം. അതുപ്രകാരം പരമാവധി ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്നും സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുല്ലപ്പെരിയാര്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് പുതിയ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. നേരത്തെ ഹരജിക്കാരന്‍ ജോ ജോസഫ് മുല്ലപ്പെരിയാറില്‍ വിള്ളലുണ്ടെന്ന് സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഭൂചലനമാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍, ഈ വാദം തെറ്റാണെന്നാണ് തമിഴ്‌നാട് മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നത്.