മുംബൈ: പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ താജ് മഹല്‍ പാലസിലെ ആറ് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് മുംബൈയിലെ ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാരേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തില്‍ പ്രവേശിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. നാല് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപോര്‍ട്ട് കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. താജ് മഹല്‍ പാലസില്‍ നിലവില്‍ താമസക്കാരില്ല, അത്യാവശ്യ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കാനായി തുറന്നുകൊടുത്തിരുന്നു. ഇവരില്‍ നിന്നാകാം വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്.