അശ്ലീല വീഡിയോ നിര്‍മാണം: രാജ് കുന്ദ്രയുടെ രണ്ട് സഹായികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്

Update: 2021-09-21 11:11 GMT

മുംബൈ: അശ്ലീല വീഡിയോ നിര്‍മാണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയും നിര്‍മാതാവുമായ രാജ് കുന്ദ്രയുടെ രണ്ട് സഹായികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളായ യാഷ് താക്കൂര്‍ എന്ന അരവിന്ദ് ശ്രീവാസ്തവ, പ്രദീപ് ബക്ഷി എന്നിവര്‍ക്കെതിരേയാണ് മുംബൈ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഈ കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ രണ്ട് പ്രതികളും ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര മുംബൈയിലെ വസതിയിലെത്തിയിരുന്നു. 62 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്.

വാഹനത്തില്‍ നിന്നിറങ്ങിയ കുന്ദ്രയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ഒന്നും മിണ്ടാതെ ഏറെ വികാരനിര്‍ഭരനായായിരുന്നു കുന്ദ്രയുടെ പ്രതികരണം. 50,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു.

കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തന്നെ കേസിലേക്ക് അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചു. ഈ വര്‍ഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവില്‍ പോലിസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായിരുന്നു. ജൂലൈയിലാണ് അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്.

Tags:    

Similar News