കര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്‌ലിം കച്ചവടക്കാര്‍ക്ക് വിലക്ക്

Update: 2023-12-08 06:03 GMT

മംഗളൂരു: നഗരത്തിലെ ക്ഷേത്രോത്സവത്തിന് മുസ്‌ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 14 മുതല്‍ 19 വരെയാണ് മംഗളൂരു നഗരത്തിലെ കുടുപ്പു ശ്രീ അനന്ത പത്മനാഭ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം. കര്‍ണാടക സര്‍ക്കാരിന്റെ മുസ്രൈ വകുപ്പിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം.

മേളയോടനുബന്ധിച്ച് കച്ചവടം ചെയ്യാന്‍ സ്റ്റാള്‍ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ സ്റ്റാളുകള്‍ക്കായി സമീപിച്ച മുസ്ലിം വ്യാപാരികള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഹിന്ദുക്കളുടെ പേരില്‍ സ്റ്റാളുകള്‍ വാങ്ങി കച്ചവടം നടത്താനാണ് തങ്ങളോട് നിര്‍ദേശിച്ചതെന്ന് മുസ്‌ലിം കച്ചവടക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച തെരുവ് കച്ചവടക്കാരുടെ സംഘടന, വിഷയം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

മുസ്‌ലിം വ്യാപാരികള്‍ക്ക് മേളയില്‍ കച്ചവടം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു. ക്ഷേത്രത്തിന് മുന്നിലെ പൊതുവഴിയിലാണ് കച്ചവടക്കാരുടെ സ്റ്റാളുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങള്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നിഷേധിക്കുന്നതായി മുസ്‌ലിം കച്ചവടക്കാര്‍ അറിയിച്ചു. ഇത്തരം മേളകളാണ് പാവപ്പെട്ട മുസ്‌ലിം കച്ചവടക്കാരുടെ ഉപജീവനമാര്‍ഗമെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു രാജിവെക്കണമെന്ന് മുസ്‌ലിം വ്യാപാരികള്‍ ആവശ്യപ്പെട്ടു.




Similar News