സ്ഥാനാര്‍ഥിയാക്കാന്‍ കെജ്രിവാളിന് പിതാവ് 6 കോടി നല്‍കിയെന്ന് എഎപി സ്ഥാനാര്‍ഥിയുടെ മകന്‍
എഎപിയുടെ വെസ്റ്റ് ഡല്‍ഹി മണ്ഡലം സ്ഥാനാര്‍ഥി ബല്‍ബീര്‍ സിങ് ജഖാറിന്റെ മകന്‍ ഉദയ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്
ന്യൂ ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തന്റെ പിതാവ് ആറുകോടി രൂപ നല്‍കിയിരുന്നുവെന്ന് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മകന്‍. എഎപിയുടെ വെസ്റ്റ് ഡല്‍ഹി മണ്ഡലം സ്ഥാനാര്‍ഥി ബല്‍ബീര്‍ സിങ് ജഖാറിന്റെ മകന്‍ ഉദയ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, കഴിഞ്ഞ 14-15 വര്‍ഷമായി തങ്ങള്‍ക്കൊപ്പമല്ല താമസിക്കുന്നതെന്നു ആരോപണം നിഷേധിച്ച് ബല്‍ബീര്‍ സിങ് ജഖാര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ വേണ്ടി എഎഎപി മേധാവി അരവിന്ദ് കെജ്രിവാളിനു വേണ്ടി ആറു കോടി രൂപ നല്‍കിയെന്ന് പിതാവ് തന്നോട് പറഞ്ഞെന്നാണ് ഉദയ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. അഴിമതി വിരുദ്ധമെന്നു പറഞ്ഞ് വലിയ അഴിമതി നടത്തുകയാണ് കെജ്രിവാള്‍ എന്നു പറഞ്ഞ ഉദയ്, തന്റെ പിതാവിനെതിരേ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും ഉദയ് ആരോപിച്ചു. എന്റെ പിതാവ് സജ്ജന്‍കുമാറിനു വേണ്ടി കോടതിയില്‍ ഹാജരാവാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിനു ജാമ്യം ലഭിക്കാന്‍ വേണ്ടി വന്‍ തുക മുടക്കിയെന്നും ഉദയ് ആരോപിച്ചു. ഉദയ് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നാണു റിപോര്‍ട്ട്.