ന്യൂഡല്‍ഹി: യൂറോപ്പിലേക്ക് മൂന്നുദിവസത്തെ സന്ദര്‍ശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് പുറപ്പെടും. ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനോട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വിയോജിപ്പുള്ള സാഹചര്യത്തിലാണ് സന്ദര്‍ശനം ശ്രദ്ധേയമാവുന്നത്. ആദ്യം ജര്‍മനിയും പിന്നീട് ഡെന്‍മാര്‍ക്കും സന്ദര്‍ശിക്കുന്ന അദ്ദേഹം, മെയ് നാലിന് മടക്കയാത്രയില്‍ ഫ്രാന്‍സില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.
ഡെന്‍മാര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ- നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. ഇന്ത്യ- നോര്‍ഡിക് ഉച്ചകോടിയില്‍ ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി കാതറീന്‍ യാക്കോബ്‌സ്‌ഡോട്ടിര്‍, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗര്‍ സ്‌റ്റോര്‍, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സന്‍, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മാരിന്‍ എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോര്‍ജം തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍. 2018 നു ശേഷം രണ്ടാമത്തെ ഉച്ചകോടിയാണിത്. ബെര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- ജര്‍മനി സര്‍ക്കാര്‍തല ചര്‍ച്ചകളില്‍ ഇരുവരും അധ്യക്ഷത പങ്കിടും.
ചാന്‍സലര്‍ ഷോള്‍സുമായി മോദിയുടെ പ്രഥമ കൂടിക്കാഴ്ചയാണിത്. ഒരു വാണിജ്യ ചടങ്ങിലും ഇരുനേതാക്കളും പങ്കെടുക്കുന്നുണ്ട്. ജര്‍മനിയില്‍ നിന്ന് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചര്‍ച്ച നടത്തും. ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ച നടത്തും. ജര്‍മനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. രാജ്യങ്ങളിലെ സന്ദര്‍ശനം വിശാലമായ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും അവസരമൊരുക്കും.