ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ശേഷം നരേന്ദ്രമോദി നടത്താനിരിക്കുന്ന ആദ്യ വിദേശ യാത്ര മാലദ്വീപിലേക്ക്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അടുത്ത മാസം മോദി മാലദ്വീപ് സന്ദര്‍ശിക്കുമെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ടു ചെയ്തു. ഇക്കഴിഞ്ഞ നവംബറില്‍ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മോദി പങ്കെടുത്തിരുന്നു. രണ്ടാം വട്ടവും അധികാരത്തിലെത്തിയ മോദിയെ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അടുത്ത മാസം ആദ്യം മോദി മാലദ്വീപിലെത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ അടുത്ത മാസം പകുതിയോടെയെ മോദി മാലദ്വീപ് സന്ദര്‍ശിക്കൂ എന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ടു ചെയ്യുന്നത്.
കഴിഞ്ഞ തവണ അധികാരമേറ്റ ഉടനെ മോദി ഭൂട്ടാനിലേക്കാണ് ആദ്യ വിദേശയാത്ര നടത്തിയത്.