ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി: ആര്യന്‍ ഖാന്‍ ഒന്നാം പ്രതി; ഒരുദിവസം എന്‍സിബി കസ്റ്റഡിയില്‍
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഒന്നാം പ്രതി. അറസ്റ്റിലായ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ മൂന്നുപേരെ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി ഒരുദിവസത്തേക്ക് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡിയാണ് എന്‍സിബി ആവശ്യപ്പെട്ടത്. ആര്യന്‍ ഖാനെ കൂടാതെ അര്‍ബാസ് സേത്ത് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരാണ് കേസിലെ പ്രതികള്‍. ഞായറാഴ്ച രാവിലെയാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ആര്യന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തത്.
ബാക്കിയുള്ള അഞ്ച് പ്രതികളായ നൂപുര്‍ സതിജ, ഇഷ്മീത് സിംഗ് ഛദ്ദ, മോഹക് ജയ്‌സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്കുശേഷം തിങ്കളാഴ്ച എസിഎംഎം കോടതിയില്‍ ഹാജരാക്കും. കപ്പലില്‍നിന്ന് 13 ഗ്രാം കൊക്കെയിന്‍, അഞ്ച് ഗ്രാം എംഡി, 21 ഗ്രാം ചരസ്, 1,33,000 രൂപ എന്നിവ പിടിച്ചെടുത്തെന്ന് എന്‍സിബി റിപോര്‍ട്ടില്‍ പറയുന്നു. ഷാരൂഖ് ഖാന്റെ മകനും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് കൂടുതല്‍ കുറ്റങ്ങള്‍. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. മുംബൈ കേന്ദ്രീകരിച്ചുള്ള വന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്.
കസ്റ്റഡിയിലുള്ളവരില്‍നിന്നു തന്നെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരേ തെളിവുകളുണ്ടെന്നുമാണ് റിപോര്‍ട്ടുകള്‍. മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷന്‍, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം.