സിആര്‍പിഎഫ് കേന്ദ്രത്തിലെ ആക്രമണം:പുല്‍വാമ സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ആക്രമണത്തില്‍ നാല് സൈനികരും മൂന്ന് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരും കൊല്ലപ്പെടുകയും മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അവന്തിപോറയ്ക്കു സമീപം ലെത്‌പോറ സിആര്‍പിഫ് കേന്ദ്രത്തിനുള്ളില്‍ കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നാല് സൈനികരും മൂന്ന് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരും കൊല്ലപ്പെടുകയും മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പുല്‍വാമ ജില്ലയിലെ അവന്തിപോറ ലെത്‌പോറ വില്ലേജിലെ ഫയാസ് അഹമ്മദ് മാഗ്രേയെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍ പെട്ട പുല്‍വാമ നസീംപോറയിലെ ഫര്‍ദീന്‍ അഹ്മദ് ഖാണ്ഡേ, പുല്‍വാമ ദ്രബ്ഗാമിലെ മന്‍സൂര്‍ ബാബ, പാക് അധീന കശ്മീരിലെ റാവല്‍കോട്ട് ഏരിയയിലെ അബ്ദുല്‍ഷുക്കൂര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ആക്രമണത്തിനു മുമ്പ് എല്ലാവിധ ആയുധസംഭരണത്തിനും നേതൃപരമായ പങ്ക് വഹിച്ചിരുന്നത് ഫയാസ് അഹ്മദാണെന്നു എന്‍ഐഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇദ്ദേഹത്തിനെതിരേ ജമ്മു കശ്മീര്‍ പോലിസ് പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്തിരുന്നു. എന്‍െഎഎ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ കൂടുതല്‍ അന്വേഷണത്തിനും ഗൂഢാലോചനയുടെ തെളിവുകള്‍ കണ്ടെത്താനുമായി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്.
2017 ഡിസംബര്‍ 30നു പുലര്‍ച്ചെ രണ്ടോടെയാണ് പുല്‍വാമയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ, ദേശീയപാതയ്ക്ക് സമീപത്തെ ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185 ബറ്റാലിയന്റെ പരിശീലന കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറിയ ജെയ്‌ഷെ മുഹമ്മദ് സംഘം ആക്രമണം നടത്തിയത്. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനികര്‍ക്കുനേരെ സംഘം വെടിവയ്ക്കുകയായിരുന്നു. സൈനിക നടപടിക്കിടെ ഹൃദയാഘാതം കാരണമാണ് ഒരു സൈനികന്‍ മരിച്ചത്.