നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂള്‍ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ് (എന്‍ഐഒഎസ്) 12ാം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, സിഐഎസ്‌സിഇ പരീക്ഷകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് എന്‍ഐഒഎസ് തീരുമാനം. ജൂണില്‍ നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് റദ്ദാക്കിയത്. മൂല്യനിര്‍ണയത്തിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്ന് എന്‍ഐഒഎസ് പ്രസ്താവനയില്‍ അറിയിച്ചു. 12ാം ക്ലാസ് മൂല്യനിര്‍ണയം എങ്ങനെയായിരിക്കുമെന്നത് വൈകാതെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ് അറിയിക്കും.
കൊവിഡ് സാഹചര്യത്തില്‍ 10ാം ക്ലാസ് പരീക്ഷയും എന്‍ഐഒഎസ് മാറ്റിവച്ചിരുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്ങിന്റെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. ജൂണില്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തുടരുന്നതിനാലും സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലും പരീക്ഷ റദ്ദാക്കുകയായിരുന്നു.
പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും സുരക്ഷ കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. നേരത്തെ സിബിഎസ്ഇ 12ാം ക്ലാസ്, ഐഎസ്‌സി 12ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. 1.75 ലക്ഷം വിദ്യാര്‍ഥികളാണ് എന്‍ഐഒഎസ് 12ാം ക്ലാസ് പരീക്ഷയെഴുതാനിരുന്നത്. അതേസമയം, പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ ഡിമാന്റ് പരീക്ഷകള്‍ നടത്താനും തീരുമാനമുണ്ട്.