തമിഴ് ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Update: 2021-05-06 05:11 GMT

ചെന്നൈ: തമിഴ് ഹാസ്യനടന്‍ പാണ്ഡു (74) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പാണ്ഡുവിനും ഭാര്യ കുമുധയ്ക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ഐസിയുവില്‍ കഴിയുകയാണ്. അജിത് കുമാര്‍ നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ അഭിനയമാണ് പാണ്ഡുവിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.

വിജയ് ചിത്രമായ ഗില്ലിയിലെ പോലിസ് ഓഫിസറുടെ വേഷവും ഏറെ പ്രശംസിക്കപ്പെട്ടു. അശ്വിന്‍ കുമാര്‍, രാംകുമാര്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനമായി പാണ്ഡു അഭിനയിച്ചത്. ക്യാപിറ്റല്‍ ലെറ്റേഴ്‌സ് എന്ന പേരില്‍ ഒരു കമ്പനി വിജയകരമായി നടത്തിക്കൊണ്ടിരുന്ന പാണ്ഡു, ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരുടെ വസതികളുടെയും ഓഫിസുകളുടെയും നെയിംബോര്‍ഡുകള്‍ മനോഹരമായി രൂപകല്‍പ്പന ചെയ്തിരുന്നു.

എഐഎഡിഎംകെയുടെ രണ്ടിലകളുടെ പാര്‍ട്ടി ലോഗോ രൂപകല്‍പ്പന ചെയ്തതും പാണ്ഡുവാണ്. പ്രിയതാരത്തിന്റെ അകാലവിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവന്‍, നടികര്‍, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കള്‍.

Tags:    

Similar News